കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറഞ്ഞ് ജനങ്ങളെ സമീപിക്കാനാവാത്ത സി.പി.എമ്മും ബി.ജെ.പിയും വര്‍ഗീയതക്ക് പുറമെ വ്യക്തിഹത്യയും അശ്ലീലവും ആയുധമാക്കുന്നു. എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അശ്ലീലം പറഞ്ഞപ്പോള്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും അവഹേളിച്ചത് ഒരേ അജണ്ടയും ലക്ഷ്യവുമായി ഇവര്‍ മുന്നോട്ടു പോകുന്നതിന്റെ തെളിവാണ്. എല്‍.ഡി.എഫ് കണ്‍വീനറെ ന്യായീകരിച്ച് സി.പി.എം നേതാക്കളായ കോടിയേരി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നതും യഥാര്‍ത്ഥ അജണ്ടയില്‍ നിന്ന് വിഷയം വഴിതിരിച്ചു വിടാനുളള ഗൂഢപദ്ധതിയാണ്.
ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി രമ്യാ ഹരിദാസിനെ പ്രഖ്യാപിച്ചതോടെ ഇടതു സഹയാത്രികരും സോഷ്യല്‍ മീഡിയയിലും മറ്റും വ്യക്തിപരമായി ആക്ഷേപിക്കാനും ചെറുതാക്കാനും വലിയ ശ്രമമാണ് നടന്നത്. പാട്ടു പാടുന്നതിനെ പോലും ആക്ഷേപിച്ച് രംഗത്തു വന്നതിന്റെ പിന്നാലെയാണ് ലൈംഗിക ചുവയോടെ വിജയ രാഘവന്‍ അശ്ലീല പരാമര്‍ശം നടത്തിയത്. എ വിജയരാഘവന്‍ മുമ്പും രമ്യയെ അധിക്ഷേപിച്ച് സംസാരിച്ചതായി തെളിവുകള്‍ പുറത്തു വന്നതോടെ കൃത്യമായ ആസൂത്രണം ഇതിനു പിന്നിലുണ്ടെന്ന് വ്യക്തമാണ്.
ഏപ്രില്‍ ഒന്നിന് പൊന്നാനിയില്‍ പറഞ്ഞത് മാര്‍ച്ച് മുപ്പതിന് കോഴിക്കോട് മുതലക്കുളത്തെ ഐ.എന്‍. എല്‍ ലയന സമ്മേളനത്തില്‍ നടത്തിയിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടിയെ പോലെ ഒന്നാം ക്ലാസ് കോടതി മുതല്‍ സുപ്രീം കോടതിവരെ ഇഴകീറി പരിശോധനയിലൂടെ സംശയത്തിന്റെ പോലും കറയില്ലെന്ന് അഗ്നിശുദ്ധി വരുത്തിയ നേതാവിനോട് ചേര്‍ത്ത് ദ്വയാര്‍ത്ത പ്രയോഗം നടത്തിയ വിജയരാഘവന്‍ മാപ്പര്‍ഹിക്കാത്ത പാതകമാണ് ചെയ്തത്.
അവിവാഹിതയായ ദളിത് പിന്നോക്കക്കാരിയെ ഏതെങ്കിലുമൊരു പുരുഷനോട് ചേര്‍ത്ത് അശ്ലീല ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയിട്ടും പ്രതികരിക്കാന്‍ മുഖ്യമന്ത്രിയോ വനിതാ കമ്മീഷനോ തെരഞ്ഞെടുപ്പ് കമ്മീഷനോ തയ്യാറായിട്ടില്ല. തുടര്‍ച്ചയായി രമ്യ ഹരിദാസിനെ ദ്വയാര്‍ത്ഥ അശ്ലീല പ്രയോഗം നടത്തിയ എ വിജയരാഘവന് എതിരെ രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, പ്രിയങ്ക ഗാന്ധിക്കെതിരെ പി.എസ് ശ്രീധരന്‍ പിള്ളയും മോശം പരാമര്‍ശം നടത്തിയതും പ്രതിഷേധത്തിനിടയായിട്ടുണ്ട്. കണ്ണൂര്‍ പയ്യന്നൂരില്‍, ‘പ്രിയങ്കയ്ക്ക് 48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്ക് ‘യുവ സുന്ദരി’ എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതു കൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നു’മായിരുന്നു ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്തോടെ അജണ്ട നഷ്ടപ്പെട്ട കേന്ദ്ര-സംസ്ഥാന ഭരണ നേതൃത്വം വഹിക്കുന്ന ബി.ജെ.പിയും സി.പി.എമ്മും വര്‍ഗീയതയും വ്യക്തിഹത്യയും മുഖമുദ്രയാക്കുമ്പോള്‍ ജനദ്രോഹ നയങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണത്.
എ വിജയ രാഘവന്‍ മുമ്പ് നടത്തിയ വിവാദ പരാമര്‍ശങ്ങളെല്ലാം പിന്നീട് സി.പി.എം ഏറ്റുപിടിച്ചവയാണ്. അത്തരത്തിലുള്ളതില്‍ ചിലത്: ദേശീയപാത സര്‍വ്വെക്കെതിരെ സമരം നടത്തുന്നവര്‍ മുസ്്‌ലിം തീവ്രവാദികളാണ്, ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുമ്പോള്‍ ഇരവാദം ഉയര്‍ത്തി സമരം നടത്തുന്നതിന് പിന്നില്‍ മുസ്്‌ലിം തീവ്രവാദികളാണ്, പാണക്കാട് തങ്ങള്‍ വടക്കോട്ടു പോയാല്‍ അവിടെ വര്‍ഗീയ കലാപം ഉണ്ടാകും.
തുടര്‍ന്ന്, കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ തോല്‍പ്പിച്ച് മൂലക്കിരുത്തിയ എ വിജയരാഘവനെ എല്‍.ഡി.എഫ് കണ്‍വീനറാക്കി സി.പി.എം ആദരിക്കുകയായിരുന്നു. മാറുതുറക്കല്‍ അവകാശത്തിനായി ഫാറൂഖ് കോളജിലേക്ക് ബത്തക്ക സമരം നടത്തിയ എസ്.എഫ്.ഐക്ക് അംഗീകാരമായി നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയ സി.പി.എമ്മിന്റെ സ്ത്രീ സംരക്ഷണം പി.കെ ശശിമോഡലാണോ എന്ന ചര്‍ച്ചക്കാണ് സംഭവം വഴിതുറന്നത്.