കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ അധ്യക്ഷക്ക് തെറ്റുപറ്റിയിട്ടുണ്ടെന്ന ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തല്‍ തിരുത്തി. സംസ്ഥാന സമിതി വിലയിരുത്തല്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് യോഗത്തില്‍ സംസ്ഥാന സമിതി തീരുമാനം റിപ്പോര്‍ട്ട് ചെയ്തത്.
സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്നതില്‍ നഗരസഭ അധികൃതര്‍ക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടെന്നാണ് സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെയും ജില്ലാ സെക്രട്ടറിയേറ്റിന്റെയും വിലയിരുത്തല്‍. അതിനു ശേഷം ഇതു ധര്‍മ്മശാലയില്‍ പൊതുയോഗത്തില്‍ തുറന്നുപറയുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ചേര്‍ന്ന സംസ്ഥാന സമിതി ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തല്‍ തള്ളി. ഇതു കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് ജില്ലാ കമ്മിറ്റി ചേര്‍ന്നത്.
സാജന്‍ കേസ് വിവാദമാവുന്ന സാഹചര്യം ഉണ്ടാവരുതെന്നും നേതാക്കളും അണികളും ഈ കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബത്തിനു നേരെയുണ്ടാവുന്ന ആക്രമണവും പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി തീരുമാനം കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യും.
സാജന്റെ കുടുംബത്തിനു നേരെ സിപിഎം അണികള്‍ നടത്തുന്ന അക്രമത്തെ ചില അംഗങ്ങള്‍ യോഗത്തില്‍ സൂചിപ്പിച്ചു. പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന പ്രവര്‍ത്തനം ഒഴിവാക്കണമെന്നും വിവാദങ്ങളൊഴിവാക്കാനാണ് അണികള്‍ ശ്രമിക്കേണ്ടതെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണത്തില്‍ ജാഗ്രതപാലിക്കാനും അണികള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കും.