ശബരിമല: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതി രംഗത്ത്. കേരള ദളിത് മഹിളാ ഫെഡറേഷൻ നേതാവ് എസ്.പി. മഞ്ജുവാണ് (35) ശബരിമല ദർശനം നടത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഇവർ ശബരിമല ദർശനം നടത്തിയതായി അറിയിച്ചത്.
പ്രായം ചെന്നതുപോലെ വേഷം മാറിയാണ് മഞ്ജു സന്നിധാനത്തെത്തിയത് എന്നാണ് വീഡിയോയില്‍ നിന്ന് മനസിലാവുന്നത്. വലിയ നടപ്പന്തലിന് സമീപമുള്ള ഫ്ളൈ ഓവറിന് മുകളില്‍ നില്‍ക്കുന്നതിന്റെയും മാളികപ്പുറത്തേക്കുള്ള വഴിയിലൂടെ നടക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തൃശൂരിൽനിന്നു കെ.എസ്ർടിസി ബസിൽ പമ്പയിൽ എത്തിയെന്നും ഭക്തർക്കൊപ്പമാണ് മല ചവിട്ടിയതെന്നും മഞ്ജു പറഞ്ഞു. മാർഗമധ്യേ യാതൊരു പ്രതിഷേധവും ഉണ്ടായില്ല. പോലീസ് സംരക്ഷണം തേടിയിരുന്നില്ലെന്നും മഞ്ജു കൂട്ടിച്ചേർത്തു. ശബരിമല ദർശനം നടത്തി ഉച്ചയോടെ തിരികെ കോട്ടയത്ത് എത്തിയ മഞ്ജു ട്രെയിനിൽ കൊല്ലത്തെ വീട്ടിലേക്ക് മടങ്ങി. വീട്ടിൽ എത്തിയശേഷമാണ് മഞ്ജു ദർശനം നടത്തിയ വാർത്ത പുറത്തുവന്നത്.
ആദ്യതവണ ശബരിമല സന്ദർശിക്കാൻ ശ്രമിച്ച സന്ദർഭത്തിൽ മഞ്ജുവിന്റെ വീട് സംഘപരിവാർ പ്രവർത്തകർ ആക്രമിച്ചിരുന്നു.