രണ്ടാം നൂറുദിന കര്‍മ്മ പരിപാടി ഇടതു സര്‍ക്കാരിന്റെ മറ്റൊരു പി.ആര്‍ തട്ടിപ്പാണെന്ന് രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞത് തന്നെയാണ് മുഖ്യമന്ത്രി വീണ്ടും അവതരിപ്പിച്ചിരിക്കുന്നതെന്നും ഭരണ പരാജയത്തിന്റെ ജാള്യത മായ്ക്കാനുള്ള പി.ആര്‍ തന്ത്രം മാത്രമാണിതെന്നും അദ്ദേഹം ആരോപിച്ചു.ഫേസ്ബുക്കിലൂടെയാണ് വിഡി സതീശന്‍ വിമര്‍ശനം ഉന്നയിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
കഴിഞ്ഞ ബജറ്റില്‍ പറഞ്ഞത് തന്നെയാണ് രണ്ടാം 100 ദിന കര്‍മ്മ പരിപാടിയായി മുഖ്യമന്ത്രി വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. ഭരണ പരാജയത്തിന്റെ ജാള്യത മായ്ക്കാനുള്ള പി.ആര്‍ തന്ത്രം മാത്രമാണ് ഈ പ്രഖ്യാപനങ്ങള്‍.നിര്‍മാണ മേഖലയിലടക്കം നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. പരമാവധി നിയമനങ്ങള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും അതുവഴി നിയമനം നടത്തുമെന്നതായിരുന്നു ഈ സര്‍ക്കാരിന്റെ ആദ്യ നൂറുദിന കര്‍മ്മ പരിപാടിയിലെ ഏറ്റവും വലിയ പ്രഖ്യാപനം. എന്നാല്‍ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയില്‍ പി.എസ്.സിയെ കുറിച്ച് ഒന്നും പറയുന്നില്ല. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ പോലും ഇരുനൂറ്റി അന്‍പതോളം ഒ.എ തസ്തികകളും നൂറോളം ടൈപ്പിസ്റ്റ് തസ്തികകളും ഉള്‍പ്പെടെ വെട്ടിക്കുറച്ചിരിക്കുകയാണ്. ഭരണസിരാ കേന്ദ്രത്തിലെ അവസ്ഥ ഇതാണെങ്കില്‍ മറ്റ് വകുപ്പുകളിലേത് ഇതിലും പരിതാപകരമായിരിക്കുമല്ലോ? എല്ലാ വകുപ്പുകളിലും പിന്‍വാതിലിലൂടെയുള്ള കരാര്‍ നിയമനങ്ങള്‍ മാത്രമാണ് നടക്കുന്നത്.
കോവിഡ് മഹാമാരി മൂലമുള്ള ലോക്ക്ഡൗണ്‍ കാരണം നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. തൊഴില്ലായ്മ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. തൊഴില്‍ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പുതിയ പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കേണ്ടിയിരുന്നത്. എന്നാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ പദ്ധതികള്‍ ഒന്നും തന്നെ ഈ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടില്ല. വിവിധ പദ്ധതികളുടെ ഭാഗമായി സ്വാഭാവികമായി ഉണ്ടാകുന്ന തൊഴിലവസരങ്ങള്‍ മാത്രമാണ് പുതിയ തൊഴിലവസരമായി രണ്ടാം നൂറു ദിന കര്‍മ്മ പരിപാടിയില്‍ സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്.
നൂറു ദിവസത്തിനുള്ളില്‍ 140 നിയമസഭാ മണ്ഡലങ്ങളില്‍ 100 കുടുംബങ്ങള്‍ക്കു വീതവും 30,000 സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കെ ഫോണ്‍ കണക്ഷന്‍ നല്‍കും എന്നാണ് മറ്റൊരു വാഗ്ദാനം. 2019ല്‍ കരാര്‍ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കോവിഡും ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ 2017-18 ബജറ്റില്‍ പ്രഖ്യാപിച്ചതാണ് കെ ഫോണ്‍ പദ്ധതി. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന 1000 കോടി മൂലധന ചെലവുവരുന്ന പദ്ധതി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് ബജറ്റില്‍ പറഞ്ഞിരുന്നത്. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഒരാള്‍ക്ക് പോലും സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. എന്നാലിപ്പോള്‍ 20 ലക്ഷത്തിനു പകരം 14000 കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍മെന്നതാണ് പുതിയ വാഗ്ദാനം. ഈ നിലയ്ക്ക് പദ്ധതി പൂര്‍ത്തിയാകാന്‍ ഇനിയും വര്‍ഷങ്ങള്‍ എടുക്കും. സ്വപ്ന സുരേഷിന്റെ ഭര്‍ത്താവിനടക്കം നിയനം നല്‍കാനുള്ള ലാവണം മാത്രമായിരുന്നു കെ ഫോണെന്ന് സാരം.
ലൈഫ് മിഷന്‍ വഴി ഇരുപതിനായിരം വ്യക്തിഗത വീടുകളുടെയും മൂന്ന് ഭവനസമുച്ചയങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 2021 അവസാനത്തോടെ ഭവനരഹിതരില്ലാത്ത കേരളം എന്നതിയിരുന്നു ലൈഫ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. വിചിത്രമായ മാനദണ്ഡങ്ങള്‍ ചേര്‍ത്ത് ഗുണഭോക്താക്കളുടെ എണ്ണം പരമാവധി വെട്ടിച്ചരുക്കുന്നതിനാണ് മിഷന്‍ ആദ്യഘട്ടത്തില്‍ ശ്രമിച്ചത്. ഈ പാളിച്ച പരിഹരിക്കാന്‍ 2020 ജൂലൈ 1 നു അപേക്ഷ ക്ഷണിച്ചിരുന്നു. അത്തരത്തില്‍ അപേക്ഷ നല്‍കിയ 9,20,261 അപേക്ഷകരുടെ അന്തിമ ലിസ്റ്റ് ഇതുവരെ തയാറാക്കിയിട്ടില്ല. അന്തിമ പട്ടിക 2020 സെപ്റ്റംബര്‍ 30 നു സമര്‍പ്പിക്കുമെന്ന് ഉറപ്പു നല്‍കിയ സര്‍ക്കാര്‍ നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. 6-1-2022 വരെയുള്ള കണക്കു പ്രകാരം 9,20,261 അപേക്ഷകരില്‍ 5,83,676 അപേക്ഷകള്‍ മാത്രമാണ് സര്‍ക്കാരിനു പരിശോധിക്കാന്‍ സാധിച്ചത്. അതില്‍ 3,76,701 പേരെയാണ് അര്‍ഹതയുള്ളവരായി കണ്ടെത്തിയത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച അപേക്ഷകള്‍ പോലും പരിശോധിക്കാന്‍ സാധിക്കാത്തവര്‍ ഇപ്പോള്‍ പുതിയ വാഗ്ദാനങ്ങളുമായി വരുന്നത് പരിഹാസ്യമാണ്.
സംസ്ഥാനത്തൊട്ടാകെ വാതില്‍പ്പടി സേവനവും അതിദാരിദ്ര്യ സര്‍വേയും, സുഭിക്ഷ ഹോട്ടലുകളും, ഡിജിറ്റല്‍ സര്‍വേ, ജൈവ കൃഷി, സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ തുടങ്ങിയവ സര്‍ക്കാരിന്റെ മുന്‍ പ്രഖ്യാപനങ്ങളുടെ ആവര്‍ത്തനം മാത്രമാണ്.
കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഞങ്ങളും കൃഷിയിലേക്ക് എന്നതാണ് മറ്റൊരു വാഗ്ദാനം. കര്‍ഷകര്‍ക്ക് പച്ചക്കറി സംഭരിച്ച വകയില്‍ ഹോര്‍ട്ടികോര്‍പ്പ് പണം നല്‍കിയിട്ടു മാസങ്ങളായി. ഈ വകയില്‍ കോടികണക്കിന് രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. കുടിശ്ശികയായതോടെ കര്‍ഷകരും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. കൃഷിയെ സ്നേഹിക്കുന്ന പല കര്‍ഷകരും ഇതിനെ തുടര്‍ന്ന് കൃഷി സമ്പൂര്‍ണമായും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.
സംസ്ഥാനത്ത് കാര്‍ഷിക വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാര വിതരണവും മുടങ്ങിയിരിക്കുകയാണ് . കൃഷി നശിച്ചതിനെത്തുടര്‍ന്നു കടക്കെണിയിലായ കര്‍ഷകര്‍ ഇതോടെ കടുത്ത പ്രതിസന്ധിയിലായി. ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ക്ലെയിം ആയി കര്‍ഷകര്‍ക്കു 24 കോടി രൂപയാണു സര്‍ക്കാര്‍ നല്‍കാനുള്ളത്. കുടിശിക പോലും നല്‍കാതെ പുതിയ പദ്ധതിയുമായി വരുന്നത് കര്‍ഷകരെ കബളിപ്പിക്കുന്ന നടപടിയാണ്.
പിന്നാക്ക വിഭാഗ വികസനമാണ് കര്‍മ്മ പദ്ധതിയിലെ മറ്റൊരു കാര്യം. കഴിഞ്ഞ ബജറ്റില്‍ പദ്ധതി വിഹിത്തിന്റെ അമ്പതു ശതമാനം പോലും ചിലവഴിക്കാന്‍ സാധിക്കാത്ത സര്‍ക്കാരാണ് പട്ടിക ജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗള്‍ക്കായി പുതിയ പദ്ധതികളുമായി വന്നിരിക്കുന്നത്. പട്ടിക ജാതി വിഭാഗത്തിനായി കഴിഞ്ഞ ബജറ്റില്‍ പദ്ധതി വിഹിതമായി 1449.89 കോടി രൂപ വകയിരുത്തിയതില്‍ വെറും 678.23 കോടി രൂപയാണ്, അതായതു 46.78 ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിക്കാന്‍ സാധിച്ചത്. പട്ടിക വര്‍ഗ്ഗ വിഭാഗത്തിനായി കഴിഞ്ഞ ബജറ്റില്‍ 585.43 കോടി രൂപ വകയിരുത്തിയതില്‍ വെറും 218.03 കോടി രൂപയാണ്, അതായതു 37.24 ശതമാനം മാത്രമാണ് ചെലവഴിച്ചത്. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പോലും നടപ്പിലാകാന്‍ സാധിക്കാതെയാണ് മുഖ്യമന്ത്രി വീണ്ടും പ്രഖ്യാപനം നടത്തിയിരിക്കുന്നത്.