ക്ലാസിക് ഫൈനല്‍ പോരാട്ടത്തിന് കളമൊരുങ്ങി. ഇന്ത്യന്‍ ഫുട്‌ബോളിന്റെ തറവാട്ടുകാരായ ബംഗാള്‍ മണിപ്പൂരിനെ മറികടന്ന് ഫൈനലിലേക്ക് കടന്നതോടെ ഏവരും കാത്തിരുന്ന മറ്റൊരു കേരള -ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനല്‍.
ഇന്നലെ പയ്യനാട് നടന്ന രണ്ടാം സെമിയില്‍ വടക്ക് കിഴക്കന്‍ കരുത്തരായ മണിപ്പൂരിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബംഗാള്‍ തകര്‍ത്തത്. ബംഗാളിനായി സുജിത്ത് സിംഗ്(2),മുഹമ്മദ് ഫര്‍ദീന്‍ അലി മൊല്ല(7), ദിലീപ് ഓര്‍വന്‍(74) എന്നിവരാണ് ഗോളുകള്‍ നേടിയത്. സന്തോഷ് ട്രോഫിയില്‍ കരുത്തുറ്റ ചരിത്രമുളള ബംഗാളിന്റെ 46ാം ഫൈനലാണിത്.
32 തവണ സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ട ബംഗാള്‍ 13 തവണ രണ്ടാം സ്ഥാനക്കാരായി. കേരളവും ബംഗാളും നേരത്തെ മൂന്ന് തവണയാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. ഇതില്‍ ഒരു വിജയം മാത്രമാണ് കേരളത്തിനുള്ളത്. 1989, 1994 വര്‍ഷങ്ങളില്‍ ബംഗാളിനായിരുന്നു ഫൈനല്‍ വിജയം. 2018ലായിരുന്നു കേരളം ബംഗാളിനെ ആദ്യമായി ഫൈനലില്‍ തോല്‍പ്പിച്ച് കിരീടം നേടിയത്. മെയ് രണ്ടിനാണ് ഫൈനല്‍ മത്സരം.