ജെ.ഡി.എസ് എം.എൽ.സി സൂരജ് രേവണ്ണക്കെതിരെ വീണ്ടും ലൈംഗിക പീഡനക്കേസ്. അടുത്ത അനുയായിയായിരുന്ന ജെ.ഡി.എസ് പ്രവർത്തകനെ പ്രകൃതിവിരുദ്ധ പീഡനത്തിനിടയാക്കിയെന്ന പരാതിയിലാണ് ഹോലെനരസിപൂർ പൊലീസ് കേസെടുത്തത്. സമാനമായ മറ്റൊരു കേസിൽ അറസ്റ്റിലായ സൂരജ് രേവണ്ണ നിലവിൽ 14 ദിവസത്തെ റിമാൻഡിലാണുള്ളത്. ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ഹാസൻ മുൻ എം.പി പ്രജ്വൽ രേവണ്ണയുടെ സഹോദരനാണ് സൂരജ്.
ഹോലെനരസിപൂർ സ്വദേശിയാണ് പുതിയ പരാതി നൽകിയത്. മൂന്ന് വർഷം മുമ്പ് കോവിഡ് സമയത്താണ് സൂരജ് രേവണ്ണ തന്നോട് ലൈംഗികാതിക്രമം കാട്ടിയതെന്ന് പരാതിയിൽ പറയുന്നു. ജെ.ഡി.എസ് പ്രവർത്തകനായ ഇയാൾ സൂരജ് രേവണ്ണയുടെ അടുത്ത അനുയായിയായിരുന്നു.
അതേസമയം, സൂരജ് രേവണ്ണക്കെതിരായ ആദ്യത്തെ പരാതിയിലെ പ്രതി കൂടിയാണ് ഇപ്പോഴത്തെ പരാതിക്കാരൻ. സൂരജ് പീഡിപ്പിച്ച വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ ആദ്യത്തെ പരാതിക്കാരനെ അന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട്, ആദ്യത്തെ കേസിലെ പരാതിക്കാരൻ സൂരജ് രേവണ്ണയെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിക്കുകയാണെന്ന് കാട്ടി ഇയാൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെ ഒളിവിൽ പോയതിന് ശേഷമാണ് ഇയാൾ സൂരജിനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയത്.
സൂരജ് രേവണ്ണയെ ജൂലൈ ഒന്നുവരെ കോടതി സി.ഐ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി അർക്കൽഗുഡ് സ്വദേശിയായ 27കാരൻ നൽകിയ പരാതിയിലാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. ജെ.ഡി-.എസ് പ്രവർത്തകനായ യുവാവ് സ്വകാര്യ ചാനലിലൂടെ ആരോപണമുന്നയിക്കുകയും പിന്നീട് പരാതി നൽകുകയുമായിരുന്നു.
ഐ.പി.സി 377, 342, 506, 34 വകുപ്പുകളാണ് സൂരജിനെതിരെ ചുമത്തിയിട്ടുള്ളത്. ജൂൺ 16ന് ഹൊളെ നരസിപൂരിലെ സൂരജിന്റെ ഫാം ഹൗസിൽവെച്ച്, തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് യുവാവിന്റെ പരാതി. പീഡന വിവരം പുറത്തുപറഞ്ഞാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി.
ഹൊലെനരസിപൂർ എം.എൽ.എയും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ മകനും ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മരുമകനുമാണ് സൂരജ് രേവണ്ണ. പ്രജ്വൽ രേവണ്ണയുടെ പീഡനത്തിനിരയായ യുവതിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിൽ പ്രതികളാണ് എച്ച്.ഡി. രേവണ്ണയും ഭാര്യ ഭവാനി രേവണ്ണയും.