ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പട്ടിണിയാണെന്ന തേജ് ബഹാദൂര്‍ യാദവ് എന്ന ബിഎസ്എഫ് ജവാന്റെ ഫേസ്ബുക്ക് വീഡിയോക്ക് പിന്നാലെ ഇവ ശരിവെച്ച് മറ്റൊരു ജവാന്റെ കത്ത് പുറത്ത്. ആഭ്യന്തര വകുപ്പിനയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒമ്പത് പേജുള്ള കത്തില്‍ സൈനികര്‍ അനുഭവിക്കുന്ന ദുരിതങ്ങളാണ് വിവരിക്കുന്നത്.
എട്ടു മണിക്കൂര്‍ ജോലിയെന്നത് പലപ്പോഴും 20 മണിക്കൂറുകള്‍ വരെ നീണ്ടുപോകാറുണ്ട്. ആഹാരത്തിനുവേണ്ടി നല്‍കുന്ന പ ണം അതിനായി ചിലവഴിക്കുന്നതിനുപകരം മറ്റുള്ള ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. സെന്റര്‍ ആംഡ് പൊലീസ് ഫോഴ്‌സിന്റെ നിയമപ്രകാരമല്ല കാര്യങ്ങള്‍ നടക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ കത്ത് ആരാണ് എഴുതിയെന്ന് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ദിവസമാണ് തേജ് ബഹാദൂര്‍ യാദവിന്റെ വീഡിയോ പുറത്തുവന്നത്. മോശം പരിചരണമാണ് അതിര്‍ത്തിയില്‍ ലഭിക്കുന്നത് എന്നായിരുന്നു അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നത്. വീഡിയോ രാജ്യത്ത് വന്‍ ചര്‍ച്ചയായി മാറുകയും ചെയ്തു. വിഷയത്തില്‍ ഇടപെട്ട ആഭ്യന്തര മന്ത്രി ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ജവാന്‍ മദ്യപാനിയും സ്ഥിരം പ്രശ്‌നക്കാരനാണെന്നുമായിരുന്നു ബി.എസ്.എഫിന്റെ പ്രതികരണം.