ബീജിങ്: കോവിഡിെൻറ ദുരിതത്തിൽ നിന്ന് കരകയറുംമുമ്പ് ചൈനയിൽനിന്ന് വീണ്ടുമൊരു പകർച്ചവ്യാധി വാർത്ത. ഇത്തവണ വൈറസിന് പകരം ബാക്ടീരിയയാണ് രോഗം പരത്തുന്നത്. ചൈനയിലെ ഗാൻസു പ്രവിശ്യയുടെ തലസ്ഥാനമായ ലാൻഷൗവിൽ 3,245 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കന്നുകാലികളുമായി ഇടപഴകുന്നവർക്കാണ് രോഗം കണ്ടെത്തിയത്. ബ്രുസെല്ല ബാക്ടീരിയയാണ് രോഗം പരത്തുന്നതെന്നാണ് പ്രാഥമികമായ കണ്ടെത്തൽ. വടക്കുപടിഞ്ഞാറൻ ചൈനയിലെ ആയിരക്കണക്കിന് ആളുകളിൽ ബ്രുസെല്ലോസിസ് എന്ന ബാക്ടീരിയ രോഗം കണ്ടെത്തിയതായി ചൈനീസ് അധികൃതരും ചൊവ്വാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്തെ മരുന്ന് നിർമാണശാലയിൽ നിന്നുണ്ടായ ചോർച്ചയാണ് ബാക്ടീരിയയുടെ വ്യാപനത്തിന് കാരണം.
കഴിഞ്ഞ വർഷം ജൂലൈ മുതൽ ഓഗസ്റ്റ് വരെ സോങ്‌മു ലാൻഷൗ ബയോളജിക്കൽ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ ഉണ്ടായ ചോർച്ചയാണ് രോഗം പൊട്ടിപ്പുറപ്പെടാനുളള കാരണമെന്നാണ് വിലയിരുത്തൽ. ഫാക്ടറിയിൽ മൃഗങ്ങളുടെ ഉപയോഗത്തിനായി ബ്രുസെല്ല വാക്സിനുകൾ നിർമിച്ചിരുന്നു. ഇതിനുശേഷം അണുമുക്തമാക്കാൻ കാലഹരണപ്പെട്ട അണുനാശിനികളും സാനിറ്റൈസറുകളും ഉപയോഗിച്ചതാകാം ബാക്ടീരിയ പടരാൻ കാരണമെന്നാണ് സൂചന.
പുരുഷന്മാരുടെ വൃക്ഷണങ്ങളെ തകരാറിലാക്കുകയും ചെറിയൊരു ശതമാനത്തെ ക്രമേണ വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്ന രോഗമാണിതെന്ന് ആരോഗ്യരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. മാൾട്ട പനി അല്ലെങ്കിൽ മെഡിറ്ററേനിയൻ പനി എന്നും അറിയപ്പെടുന്ന രോഗമാണിത്. രോഗബാധ തലവേദന, പേശിവേദന, പനി, ക്ഷീണം എന്നിവയ്ക്ക് കാരണമാകുമെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറഞ്ഞു.
രോഗം മാറിയാലും ചിലരിൽ ആർത്രൈറ്റിസ് അല്ലെങ്കിൽ സന്ധിവീക്കം പോലുള്ള രോഗലക്ഷണങ്ങൾ ഒരിക്കലും മാറില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബ്രുസെല്ലോസിസ് രോഗം മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് വളരെ അപൂർവമാണ്. മലിനമായ ഭക്ഷണം കഴിക്കുന്നതിലൂടെയോ ബാക്ടീരിയ കലർന്ന വായു ശ്വസിക്കുന്നതിലൂടെയോ അണുബാധ പടരുകയാണ് ചെയ്യുന്നത്.
തുടക്കത്തിൽ വളരെക്കുറച്ച് ആളുകൾക്കാണ് രോഗം ബാധിച്ചതെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ 21,000 പേരുടെ പരിശോധനയിൽ അണുബാധകളുടെ എണ്ണം വളരെ കൂടുതലാണെന്ന് തെളിഞ്ഞു. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ‘പ്രതീക്ഷിച്ചതിലും വലുതാണ് ഈ സംഖ്യ. രോഗത്തിെൻറ വ്യാപനത്തെക്കുറിച്ചും അതിെൻറ അനന്തരഫലങ്ങളെക്കുറിച്ചും വ്യാപകമായ ആശങ്ക ഉയർന്നിട്ടുണ്ട്’-ചൈനയിലെ സ്റ്റേറ്റ് ഗ്ലോബൽ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.