മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ചൊവ്വാഴ്ച ഉച്ചയോടെ മറ്റൊരു ചീറ്റ കൂടി ചത്തു. ഇതോടെ ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് ചീറ്റകളെ കൊണ്ടുവന്ന ശേഷം ചത്ത പത്താമത്തെ ചീറ്റയാണിത്. നമീബിയയിൽ നിന്നെത്തിച്ച ശൗര്യയെന്ന ചീറ്റയാണ് ചത്തത്. മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വ്യക്തമാകുമെന്ന് നാഷണൽ പാർക്കുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ വ്യക്തമാക്കി.
‘‘ചൊവ്വാഴ്ച രാവിലെയാണ് ശൗര്യയെ അവശനിലയിൽ പാർക്ക് അധികൃതർ കണ്ടെത്തിയത്. തുടർന്ന് ഈ ചീറ്റ നിരീക്ഷണത്തിലായിരുന്നു. നടക്കാൻ ബുദ്ധിമുട്ടുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പാർക്ക് അധികൃതർ ശൗര്യയുടെ അടുത്തെത്തി ചികിത്സ നൽകി. ഇതോടെ ആരോഗ്യം അൽപം മെച്ചപ്പെട്ടെങ്കിലും പിന്നീട് തീർത്തും മോശമായി. ഇതേത്തുടർന്ന് സിപിആർ നൽകിയെങ്കിലും ശൗര്യ പ്രതികരിച്ചില്ല.’’ –അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ലയൺ പ്രോജക്‌ട് ഡയറക്ടർ എന്നിവർ മാധ്യമങ്ങളോടു പറഞ്ഞു.