രാമനാട്ടുകര : ടെലിഫോൺ എക്സ്ചേഞ്ചിൽ വീണ്ടും കേബിൾ മോഷണം. ബാറ്ററിയിൽ നിന്നു ഘടിപ്പിച്ച 5 മീറ്റർ ഡിസി കേബിളാണു കഴിഞ്ഞ ദിവസം രാത്രി കടത്തിയത്. വൈദ്യുതി വിതരണം താറുമാറായി എക്സ്ചേഞ്ചിനു കീഴിലെ 420 ലാൻഡ് ഫോണുകൾ നിലച്ചു.
നഗരസഭ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന ബിഎസ്എൻഎൽ എക്സ്ചേഞ്ചിന്റെ പിൻവശത്തെ പൂട്ട് പൊട്ടിച്ച് അകത്തു കയറിയാണ് കേബിൾ കടത്തിയത്.
ടെലിഫോൺ പ്രവർത്തിക്കുന്നില്ലെന്ന പരാതിയെ തുടർന്നു രാവിലെ ജീവനക്കാർ എത്തി പരിശോധിച്ചപ്പോഴാണ് പവർ കേബിളുകൾ നഷ്ടപ്പെട്ടതു കണ്ടത്. ഉടൻ ഫറോക്ക് പൊലീസിൽ അറിയിച്ചു.
ഇൻസ്പെക്ടർ പി.എസ്.ഹരീഷ്, എസ്ഐ പി.ടി.സൈഫുല്ല എന്നിവരുടെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധ പരിശോധന നടത്തി.
ബാറ്ററിയിൽ പുതിയ കേബിൾ സ്ഥാപിച്ച് വൈകിട്ട് മൂന്നിനാണു എക്സ്ചേഞ്ച് പ്രവർത്തനം പുനഃ സ്ഥാപിച്ചത്. 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബിഎസ്എൻഎൽ സബ് ഡിവിഷനൽ എൻജിനീയറുടെ പരാതിയിൽ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
കഴിഞ്ഞ ഓഗസ്റ്റ് 5നും എക്സ്ചേഞ്ചിൽ കേബിൾ മോഷണം പോയിരുന്നു. അന്നു 60 മീറ്റർ വൈദ്യുതി കേബിളുകളാണു കള്ളന്മാർ മുറിച്ചു കടത്തിയത്.