X

മറ്റൊരു ബാബരി മസ്ജിദോ? ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേക്ക് അനുമതി; ശാസ്ത്രീയ പരിശോധനയ്ക്ക് നിര്‍ദേശം

ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്താന്‍ വാരാണസി ജില്ലാ കോടതിയുടെ നിര്‍ദേശം. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന ജലസംഭരണി ഒഴികെയുളള ഭാഗങ്ങളില്‍ സര്‍വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് കോടതി നിര്‍ദേശം നല്‍കി. രാവിലെ എട്ട് മുതല്‍ 12 വരെ സര്‍വേ നടത്താമെന്ന് കോടതി പറഞ്ഞു.

സര്‍വേ നടത്തുമ്പോള്‍ പള്ളിയില്‍ ഏതെങ്കിലും രീതിയിലുള്ള കേടുപാടുകള്‍ ഉണ്ടാക്കാന്‍ പാടില്ല. ഈ സമയത്ത് പ്രാര്‍ത്ഥനകള്‍ മുടങ്ങാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. ജലസംഭരണി ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ നേരത്തെ സുപ്രീംകോടതി നിര്‍ദേശപ്രകാരം സീല്‍ ചെയ്തിരുന്നു.

നേരത്തെ ഉണ്ടായിരുന്ന ഹൈന്ദവ ക്ഷേത്രം പൊളിച്ചാണോ പളളി നിര്‍മ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്താനാണ് സര്‍വേ. ഓഗസ്റ്റ് 4ന് മുമ്പ് ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് കോടതി നിര്‍ദേശിച്ചത്.

കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദില്‍ ആരാധന നടത്താന്‍ അനുമതി തേടി 4 വനിതകളാണ് ആദ്യം കോടതിയെ സമീപിച്ചത്. മസ്ജിദില്‍ പുരാതന ഹൈന്ദവ ക്ഷേത്രത്തിന്റെ അടയാളങ്ങളുണ്ടെന്ന് ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ വിഷ്ണു ശങ്കര്‍ ജെയിനാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ വേണമെന്ന ആവശ്യം ഉന്നയിച്ചത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേയിലൂടെ മാത്രമേ തര്‍ക്കം പരിഹരിക്കാന്‍ സാധിക്കൂ എന്ന് വിഷ്ണു ശങ്കര്‍ ജെയിന്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു. തുടര്‍ന്ന് ഇതില്‍ മറുപടി നല്‍കാന്‍ ?ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയോട് കോടതി ആവശ്യപ്പെടുകയായിരുന്നു.

webdesk13: