യുഎസ് മുന്‍ പ്രസിഡന്റും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണാള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ട്രംപ് ഗോള്‍ഫ് കളിക്കുന്നതിനിടെ സമീപമാണ് വെടിവയ്പ് ഉണ്ടായത്. ഫ്‌ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോള്‍ഫ് ക്ലബിനു സമീപം പ്രദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയാണ് വെടിവയ്പ്പുണ്ടായത്.
ക്ലബില്‍ ഗോള്‍ഫ് കളിക്കുകയായിരുന്ന ട്രംപിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോള്‍ഫ് കോഴ്‌സ് പാതി അടച്ചിരുന്നു. തോക്കുമായി മറഞ്ഞിരുന്ന പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരികെ വെടിയുതിര്‍ത്തെങ്കിലും എസ്യുവിയില്‍ സ്ഥലത്തു നിന്നു രക്ഷപ്പെട്ട ഇയാളെ പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തി. പ്രതി ഹവായ് സ്വദേശിയായ റയന്‍ വെസ്ലി റൗത്ത് ആണെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.
തോക്ക്, രണ്ട് ബാക്ക്പാക്കുകള്‍, ഗോപ്രോ ക്യാമറ തുടങ്ങിയവ ഇയാള്‍ മറഞ്ഞിരുന്ന സ്ഥലത്തു നിന്നു കണ്ടെടുത്തു. ട്രംപിനെ വധിക്കാനുള്ള ശ്രമമായിരുന്നെന്നു കരുതുന്നതായി എഫ്ബിഐ വ്യക്തമാക്കി. ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ പ്രചാരണ സംഘവും സീക്രട്ട് സര്‍വീസും അറിയിച്ചു.
ജൂലൈ 13ന് പെന്‍സില്‍വാനിയയിലെ റാലിക്കിടെ ട്രംപിനു നേരെ വെടിവയ്പ്പുണ്ടായിരുന്നു. പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു വെടിയുതിര്‍ത്തത്.