തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടില്‍നിന്ന് ഇ ഡി പിടിച്ചെടുത്ത ക്രെഡിറ്റ് കാര്‍ഡിന്റെ ഇടപാടുകള്‍ നിര്‍ണായക തെളിവാകും. ബെംഗളൂരു മയക്കുമരുന്നുകേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ ബിനീഷിന്റെ കൈയില്‍ എത്തി എന്നാണ് ഇ ഡി അന്വേഷിക്കുന്നത്.
അതേസമയം, അനൂപിന്റെ കാര്‍ഡ് ഉപയോഗിച്ച് കേരളത്തില്‍ പലയിടത്തും ഇടപാടുകള്‍ നടന്നിട്ടുള്ളതായി ഇ ഡി കണ്ടെത്തിയതായാണു വിവരം. ഈ ദിവസങ്ങളില്‍ കാര്‍ഡ് ഉപയോഗിച്ച ഇടങ്ങളില്‍ അനൂപ് ഇല്ലായിരുന്നു. അങ്ങനെയെങ്കില്‍ കാര്‍ഡ് ആര് ഉപയോഗിച്ചുവെന്നു കണ്ടെത്തേണ്ടതുണ്ട്. കാര്‍ഡ് ഉപയോഗിച്ച സ്ഥാപനങ്ങളിലും ഇ.ഡി. പരിശോധന നടത്തി. കാര്‍ഡ് നല്‍കിയ ബാങ്കില്‍നിന്ന് ഇടപാടുകളുടെ വിശദവിവരങ്ങളും ഇ ഡി ശേഖരിച്ചു.
അനൂപ് മുഹമ്മദിനെ മുന്നില്‍നിര്‍ത്തിയാണ് ബിനീഷ് പല ഇടപാടുകളും നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണം നീങ്ങുന്നത്. പലരെയും നടത്തിപ്പുകാരാക്കി ബിസിനസ് ചെയ്യുന്ന തന്ത്രം ഏറെക്കാലമായി ബിനീഷ് നടത്തിയിരുന്നുവെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.സ്റ്റാച്യു ചിറക്കുളം റോഡിലെ ടോറസ് റെമഡീസ് എന്ന സ്ഥാപനത്തിലെ ബിനീഷിന്റെ പങ്കാളിത്തം ഇ ഡി അന്വേഷിച്ചത് ഇതിന്റെ ഭാഗമായാണ്.