കോട്ടയം: കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം യുഡിഎഫ് വിടുമെന്ന പ്രചാരണം വ്യാജമാണെന്ന് അനൂപ് ജേക്കബ് വ്യക്തമാക്കി. യുഡിഎഫിലെ കക്ഷിയെന്ന നിലയില്‍ മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും മറിച്ച് വരുന്ന പ്രചാരണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തെക്കുറിച്ച് ചിലര്‍ ബോധപൂര്‍വ്വം തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും എംഎല്‍എ പറഞ്ഞു.
അതേസമയം, പാലാ സീറ്റിനെ ചൊല്ലി എല്‍ഡിഎഫ് തര്‍ക്കം രൂക്ഷമാകുകയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ആര്‍ക്കും വിട്ടു നല്‍കില്ലെന്ന് പാല എംഎല്‍എ മാണി സി കാപ്പന്‍ അറിയിച്ചിരുന്നു. ‘വഴിയേ പോകുന്നവര്‍ക്ക് സീറ്റ് ചോദിക്കാന്‍ എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു.
തോറ്റ് നില്‍ക്കുന്ന സീറ്റ് അവര്‍ എങ്ങിനെ ചോദിക്കുമെന്നും ജോസ് കെ മാണി വിഭാഗത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫില്‍ എന്‍സിപിക്ക് പാലാ സീറ്റ് ആവശ്യപ്പെട്ട് നേടേണ്ട സാഹചര്യമില്ല. പാല ഞാന്‍ ജയിച്ച സീറ്റാണ്. അത് ഞങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്നും മാണി സി കാപ്പന്‍ പ്രത്യാശ പ്രകടിപ്പിച്ചു.അതേസമയം, മുന്നണി മാറ്റമെന്ന സാധ്യത നിലവില്‍ ഇല്ലെന്നും യുഡിഎഫിലെ ഒരു നേതാവുമായും ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍സിപിക്ക് പരിഗണന ലഭിച്ചില്ലെന്നതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പാലാ സീറ്റ് എല്‍ഡിഎഫ് ജോസ് കെ മാണിക്ക് നല്‍കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇത് സംഭവിച്ചാല്‍ എന്‍സിപി മുന്നണിയില്‍ തുടരുന്ന കാര്യം സംശയമാണ്.