തൃശൂര്‍: കയ്പ്പമംഗലം കുരീക്കുഴിയില്‍ കടലില്‍ അജ്ഞാത ബോട്ടുകള്‍ എത്തിയതായി സൂചന. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസും ഫിഷറീസ് വകുപ്പും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കരയില്‍നിന്നും അഞ്ചു കിലോ മീറ്റര്‍ ഉള്ളിലാണ് ബോട്ടുകള്‍ കണ്ടതെന്ന് മല്‍സ്യത്തൊഴിലാളികള്‍ അറിയിച്ചു. എന്നാല്‍ തെരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല. തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് തീരപ്രദേശം.
ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് പെരിഞ്ഞനം വാസ്‌കോ ബീച്ച് മുതല്‍ ബോട്ടുകള്‍ കണ്ടത്. കരയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ഉള്ളിലായിട്ടായിരുന്നു ബോട്ടുകള്‍. മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കയ്പമംഗലം പൊലീസും അഴീക്കോട് കോസ്റ്റല്‍ പൊലീസും തെരച്ചില്‍ നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടത്തെനായില്ല. ഫിഷറീസ് വകുപ്പിന്റെ ബോട്ട് തെരച്ചില്‍ നടത്തുന്നത് കണ്ട് ബോട്ടുകള്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിയെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
രാത്രി പത്തര വരെ തെരച്ചില്‍ നടത്തിയെങ്കിലും ഫിഷറീസ് വകുപ്പിന്റെ ബോട്ടിന് അജ്ഞാത ബോട്ടുകളുടെ അടുത്തെത്താനായില്ല. മൂന്ന് ബോട്ടില്‍ ഒരെണ്ണം ലൈറ്റ് ഓഫ് ചെയ്യുകയും പിന്നെ കാണാതാവുകയും ചെയ്‌തെന്ന് കടലോര ജാഗ്രത സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. തീവ്രവാദികള്‍ എത്തിയേക്കുമെന്ന ഭീഷണി നില നില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് തീരദേശം.