X

സി.പി.ഐ അറിയാതെ ആനി രാജ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായി; വിമര്‍ശനം

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കു സജീവമായി കടക്കും മുമ്പേ സി.പി.ഐയില്‍ സ്ഥാനാര്‍ഥി വിവാദം. തിരുവനന്തപുരത്ത് ആനി രാജ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ വാര്‍ത്ത വന്നതില്‍ മന്ത്രി ജി.ആര്‍. അനില്‍ സംസ്ഥാന എക്‌സിക്യൂട്ടിവില്‍ വിമര്‍ശനമുയര്‍ത്തി. തൃശൂരില്‍ വി.എസ്. സുനില്‍കുമാറിന്റെ പേരില്‍ ചുവരെഴുത്തുണ്ടായ സംഭവവും ചര്‍ച്ചയ്ക്കു വന്നു.

അതേസമയം, ഇത്തരം സംഭവങ്ങള്‍ ആദ്യമായിട്ടല്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കണമെന്നും സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ആവശ്യമുയര്‍ന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മാറിയ ട്രെന്‍ഡ് മനസിലാക്കി സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കണം എന്നാണ് ആവശ്യം. സ്ഥാനാര്‍ഥികള്‍ക്ക് മുന്‍കൂട്ടി പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കണമെന്ന് രാജാജി മാത്യു തോമസ് ആവശ്യപ്പെട്ടു.

സി.പി.ഐ മത്സരിക്കുന്ന തിരുവനന്തപുരത്ത്, കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ നേരിടാന്‍ ആനി രാജ എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നിരിക്കെ, ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ മന്ത്രി ജി.ആര്‍.അനില്‍ അസ്വസ്ഥത പ്രകടിപ്പിച്ചു.

പാര്‍ട്ടി തീരുമാനിക്കുന്നതിനു മുന്‍പേ സ്ഥാനാര്‍ഥികളുടെ പേര് മാധ്യമങ്ങളില്‍ വരുന്നതെങ്ങനെ എന്നായിരുന്നു ക്ഷോഭത്തോടെയുള്ള അദ്ദേഹത്തിന്റെ ചോദ്യം. മാധ്യമങ്ങളില്‍ നടക്കുന്ന ഇത്തരം ചര്‍ച്ചകള്‍ പാര്‍ട്ടിക്കു തീരുമാനമെടുക്കാനാവാത്ത സ്ഥിതിയുണ്ടാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

webdesk13: