X

കേന്ദ്രവും സംസ്ഥാനവും തമ്മില്‍ അണ്ണന്‍- തമ്പി ബന്ധം ഇപ്പോഴുമുണ്ട്: വി.ഡി.സതീശന്‍

ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ കേരളത്തിലെ അഴിമതി നിരോധന സംവിധാനത്തിന്റെ നടുവൊടിഞ്ഞെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരായ അഴിമതി അന്വേഷിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന ഉള്‍പ്പെടുത്തിയുള്ള 17എ വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തതോടെ നിയമം ദുര്‍ബലമായിരുന്നു. ഇതിനു പിന്നാലെയാണു പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്ന ഭേദഗതി കേരള സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

നവംബര്‍ 28ന് രാഷ്ട്രപതിക്ക് അയച്ച ബില്‍ ഇത്രയും വേഗത്തില്‍ പാസാക്കി തിരിച്ചയച്ചത് അദ്ഭുതകരമാണ്. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ അണ്ണന്‍- തമ്പി ബന്ധം ഇപ്പോഴുമുണ്ട്. അഴിമതിവിരുദ്ധ സംവിധാനം ഇല്ലാതാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സിപിഎമ്മിനും കേന്ദ്രത്തിലെ സംഘപരിവാറുമായി ബന്ധമുണ്ടെന്നതു വ്യക്തമാക്കുന്നതാണു ലോകായുക്ത ബില്‍ രാഷ്ട്രപതി ഒപ്പുവച്ച സംഭവം. കേരളത്തിലെ സിപിഎം, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനുമേല്‍ വന്‍ സമ്മര്‍ദം ചെലുത്തിയാണു രാഷ്ട്രപതിയുടെ അനുമതി വാങ്ങിയത്.

വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ എസ്എഫ്‌ഐ നേതാക്കള്‍ വിദ്യാര്‍ഥിയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ കേസിലെ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണ്. അറസ്റ്റ് ചെയ്യാതെ എസ്എഫ്‌ഐ നേതാക്കള്‍ക്കു ജാമ്യം കിട്ടുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നു. കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ നൂറുകണക്കിനു കുട്ടികളുടെ മുന്നില്‍ വിവസ്ത്രനാക്കി ബെല്‍റ്റും കമ്പിവടിയും ഉപയോഗിച്ചാണു സിദ്ധാര്‍ഥിനെ തല്ലിക്കൊന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ടി.പി.ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സിപിഎം നേതാക്കള്‍ വളര്‍ത്തിയെടുക്കുന്ന എസ്എഫ്‌ഐ ഏറ്റവും വലിയ ക്രിമിനലുകളായി മാറി. ടിപിയുടെ തലച്ചോറ് തെങ്ങിന്‍പൂക്കുല പോലെ ചിതറിക്കുമെന്നു സിപിഎം പറഞ്ഞപ്പോള്‍, ചാലക്കുടിയിലെ എസ്‌ഐയെ പേപ്പട്ടിയെ പോലെ വഴിയിലിട്ടു തല്ലുമെന്ന് എസ്എഫ്‌ഐ നേതാക്കളും ഭീഷണിപ്പെടുത്തി- വി.ഡി.സതീശന്‍ കൂട്ടിച്ചേര്‍ത്തു.

webdesk14: