X
    Categories: indiaNews

അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗ കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മദ്രാസ് ഹൈകോടതി

ചെന്നൈ: അണ്ണാ സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കണമെന്ന് മദ്രാസ് ഹൈകോടതി. എസ്.ഐ.ടിയിലെ മൂന്ന് അംഗങ്ങളും വനിതാ ഐ.പി.എസ് ഓഫിസര്‍മാരായിരിക്കും കേസ് അന്വേഷിക്കുക. പെണ്‍കുട്ടിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.

കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ഹരജിയില്‍ വാദത്തിലാണ് തീരുമാനം. ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം, ജസ്റ്റിസ് വി. ലക്ഷ്മിനാരായണന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. പെണ്‍കുട്ടിയുടെ പഠനത്തെ ബാധിക്കരുതെന്നും അണ്ണാ സര്‍വകലാശാല കുട്ടിയില്‍ നിന്നും ഒരു ഫീസും ഈടാക്കരുതെന്നും കോടതി അറിയിച്ചു.

ഡിസംബര്‍ 23നാണ് അണ്ണാ സര്‍വകലാശാല വളപ്പിലെ ലാബോറട്ടറി കെട്ടിടത്തിന് സമീപം വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തായ നാലാം വര്‍ഷ വിദ്യാര്‍ഥിക്കൊപ്പം നില്‍ക്കുമ്പോള്‍ പ്രതിയാതൊരു പ്രകോപനവുമില്ലാതെ ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു. പുരുഷ സുഹൃത്ത് ഓടി രക്ഷപ്പെട്ടപ്പോള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് പരാതി.

കേസില്‍ സര്‍വകലാശാലക്ക് സമീപം പാതയോരത്ത് ബിരിയാണി വില്‍ക്കുന്ന ജ്ഞാനശേഖരന്‍ പിടിയിലായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി ചെന്നൈ പൊലീസ് പറഞ്ഞു. ക്യാമ്പസിലെത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.പെണ്‍കുട്ടി ഉപദ്രവിക്കരുതെന്ന് കരഞ്ഞ് അപേക്ഷിച്ചെങ്കിലും പ്രതി പിന്‍മാറിയില്ല. ഭാരതീയ ന്യായസംഹിതയുടെ 63, 64, 75 വകുപ്പുകള്‍ ചുമത്തിയാണ് ആര്‍.എ പുരം വനിത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ സുഹൃത്തും സര്‍വകലാശാല സുരക്ഷാ ജീവനക്കാരും ഉള്‍പ്പെടെ മുപ്പതോളം പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

webdesk18: