ന്യൂഡല്‍ഹി: ജനലോക്പാല്‍ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് നിരാഹാര സമരം തുടങ്ങിയിട്ട് ദിവസങ്ങളായി. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ‘അഴിമതി വിരുദ്ധ ഇന്ത്യ’ (ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍) എന്ന സംഘടനക്കു വേണ്ടി സമരം നടത്തിയ ഹസാരെയുടെ ലക്ഷ്യം, ബി.ജെ.പിക്ക് അധികാരത്തിലേക്കുള്ള വഴി എളുപ്പമാക്കി കൊടുക്കുക എന്നതായിരുന്നുവെന്ന് പിന്നീട് വ്യക്തമായിരുന്നതാണ്. താന്‍ മുന്നോട്ടുവെച്ച തരത്തിലുള്ള ജനലോക്പാല്‍ ബില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ലെന്നാരോപിച്ചാണ് ഹസാരെ വീണ്ടും സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
അഴിമതിയില്ലായ്മ ഉറപ്പു വരുത്തുന്നതിനായി കേന്ദ്രത്തില്‍ ലോക്പാലിനെയും സംസ്ഥാനങ്ങളില്‍ ലോകായുക്തയെയും നിയമിക്കുക എന്ന തന്റെ മുന്‍ ആവശ്യം തന്നെയാണ് ഹസാരെ ഇത്തവണയും ഉന്നയിക്കുന്നത്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പത്രികയില്‍ ഇവ ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ഹസാരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമര്‍ശനവും ഉന്നയിച്ചു. കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും ഹസാരെ ആവശ്യപ്പെടുന്നു.
എന്നാല്‍, ഇത്രയും കാലം മിണ്ടാതിരുന്ന ഹസാരെയെ അവസാന ഘട്ടത്തില്‍ രംഗത്തിറക്കിയത് ബി.ജെ.പി തന്നെയാണോ എന്ന സംശയം ഉയരുന്നുണ്ട്. അഴിമതിയാരോപണങ്ങളും ഹിന്ദി സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വികളുമടക്കം തങ്ങള്‍ നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് താല്‍ക്കാലികമായി ശ്രദ്ധ തിരിക്കുക എന്നതാണ് ഇതിനു പിന്നിലുള്ള തന്ത്രം എന്നാണ് സൂചന. ഹസാരെയുടെ സമരം ശക്തമായാല്‍, ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ ഭേദഗതികളോടെ പാസാക്കി മോദിയെ 2019 പൊതു തെരഞ്ഞെടുപ്പില്‍ അഴിമതി വിരുദ്ധ പോരാളിയായി ഉയര്‍ത്തിക്കാട്ടാനും ബി.ജെ.പി ഒരുങ്ങുന്നതായി സൂചനയുണ്ട്.
അതിനിടെ, ഹസാരെയുടെ സത്യഗ്രഹ വേദിയില്‍ ബി.ജെ.പിയുടെ ഓഫീസില്‍ നിന്നുള്ള സി.സി.ടി.വി ഉപയോഗിക്കുന്നത് ഇതിനകം തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിക്കഴിഞ്ഞു. ബി.ജെ.പിയും ആര്‍.എസ്.എസ് പശ്ചാത്തലമുള്ള ഹസാരെയും തമ്മിലുള്ള അന്തര്‍ധാരയാണ് ഇത് കാണിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഡല്‍ഹി പൊലീസ് വന്‍ സുരക്ഷയാണ് ഹസാരെയുടെ സമരത്തിന് ഒരുക്കിയിട്ടുള്ളത്.
2011-ല്‍, രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ മാധ്യമങ്ങളെയും മധ്യവര്‍ഗത്തെയും തിരിച്ചുവിടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സമരമായിരുന്നു ഹസാരെയുടേത്. ഹസാരെയുടെ ആവശ്യം പരിഗണിച്ച് യു.പി.എ സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന അരവിന്ദ് കേജ്രിവാള്‍ ആം ആദ്മി പാര്‍ട്ടിയെന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും ഡല്‍ഹിയില്‍ അധികാരം പിടിക്കുകയും ചെയ്തു. ഹസാരെയുടെ സഹചാരിയായിരുന്ന കിരണ്‍ ബേദി ബി.ജെ.പിക്ക് വേണ്ടി രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും വന്‍ തോല്‍വി ഏറ്റുവാങ്ങി. രാജ്യത്ത് ലോക്പാല്‍ നടപ്പാക്കിയ ഏക സംസ്ഥാനമായ ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ തനിക്കു വേണ്ടെന്ന് ഹസാരെ വ്യക്തമാക്കിയിട്ടുണ്ട്.