ന്യൂഡല്‍ഹി: പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പില്‍ വരുത്തിയില്ലെങ്കില്‍ മോദിക്കെതിരെ ജനകീയ സമരം നടത്തുമെന്ന് അണ്ണാ ഹസാരെ. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഒന്നര മാസത്തിനകം സമരം നടത്താന്‍ തയ്യാറെടുക്കുകയാണെന്നും അണ്ണാ ഹസാരെ പറഞ്ഞു.
‘മോഹനവാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ കേന്ദ്രസര്‍ക്കാരിന്റെ നാടകങ്ങള്‍ പൊളിയുകയാണ്. അതില്‍ ഒന്നുമാത്രമാണ് നോട്ട് നിരോധനം. നാടകങ്ങള്‍ മതിയാക്കി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണം. ഇല്ലെങ്കില്‍ ഒന്നര മാസത്തിനകം രാംലീല മൈതാനത്ത് സമരം നടത്തും’ , അണ്ണാ ഹസാരെ പറഞ്ഞു.
‘ലോക്പാല്‍ നടപ്പിലാക്കുമെന്ന വാഗ്ദാനം ഭരണത്തിലേറിയപ്പോള്‍ മോദി മറന്നു. അയച്ച കത്തുകള്‍ക്കും മറുപടിയില്ല’. യുവജനങ്ങളെ ഉള്‍പ്പെടുത്തി പുതിയ ടീം രൂപവത്കരിച്ചായിരിക്കും പുതിയ സമരമെന്നും ഹസാരെ അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ നോട്ട് നിരോധനത്തെ അനുകൂലിച്ചായിരുന്നു ഹസാരെയുടെ പ്രതികരണം. കള്ളപ്പണത്തെ തടയിടാനാകുമെങ്കില്‍ ബുദ്ധിമുട്ടുകളെ നേരിടാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നായിരുന്നു ഹസാരെ ആദ്യം പ്രതികരിച്ചത്. എന്നാല്‍ ജനങ്ങളില്‍ അടിച്ചേല്‍പിച്ച നോട്ട് നിരേധനവും ജിഎസ്ടിയും കൊണ്ട് രാജ്യം എന്ത് നേടിയെന്നും തിരിച്ചെത്തിയ കള്ളപ്പണം എവിടെയെന്നും ഹസാരെ ചോദിച്ചു.മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ സമരത്തിന് തയ്യാറെടുക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
സ്വഛ് അഭിയാന്‍ കാമറയ്ക്കു് മുന്നിലുള്ള നാടകമാവരുത്. ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ പ്രവൃത്തിയിലാണ് വേണ്ടത്. വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജനകീയ സമരം നേരിടേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.