ലോക്പാല്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വീണ്ടും സമരം തുടരുമെന്നും അണ്ണാ ഹസാരെ. അധികാരത്തിലേറി മുന്ന് വര്‍ഷം പിന്നിട്ടിട്ടും ലോക്പാല്‍ ബില്‍ നടപ്പാക്കത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അണ്ണ ഹസാരെ കത്ത് അയച്ചു.
ലോക്പാല്‍ നടപ്പാക്കാന്‍ തയ്യാറാകാത്ത മോഡി സര്‍ക്കാരിന്റെ നിഷേധ നിലപാടിനെതിരായിരിക്കും സമരമെന്ന് അഴിമതി വിരദ്ധ സമരത്തിന് നേതൃത്വം നല്‍കിയ ഹസാരെ അറിയിച്ചു. ഭക്ഷ്യ സുരക്ഷിതത്വവും, കര്‍ഷകരുടെ ക്ഷേമവും ഉറപ്പുവരുത്തുന്ന സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഴിമതിക്കെതിരായ ഐതിഹാസിക സമരം നടന്ന് ആറു വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാര്‍ ലോക്പാല്‍ ബില്ലിന്റെ കരട് പോലും നിര്‍മ്മിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. അഴിമതി നിരോധനത്തിനായി ദേശീയ തലത്തില്‍ ലോക്പാലും, സംസ്ഥാനതലത്തില്‍ ലോകായുക്തയും നിയമിക്കണമെന്നാവശ്യപ്പെട്ട് മൂന്നുവര്‍ഷമയി മോഡിക്ക് നിരന്തരം കത്തുകള്‍ അയക്കുന്നു. ഇക്കാര്യത്തിലും സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടും നല്‍കിയ കത്തുകള്‍ക്ക് മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപെടുത്തി. അടുത്ത കത്തില്‍ സമരത്തിന്റെ വേദിയും തിയ്യതിയും അറിയിക്കാമെന്നും ഹസാരെ അറിയിച്ചു.
2011 ഏപ്രിലിലായിരുന്നു ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അണ്ണ ഹസാരെയും അരവിന്ദ് കെജ് രിവാളും അടങ്ങിയ സംഘം ഡല്‍ഹിയിലെ റാം ലീലാ മൈതാനിയില്‍ നിരാഹാര സത്യാഗ്രഹം നടത്തിയത്.