കടുത്ത വേനലിൽ സംസ്ഥാനത്തെങ്ങുമായി ചത്തൊടുങ്ങിയത് 300 പശുക്കൾ. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി മീഡിയവണിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കർഷകർക്ക് ദുരന്തനിവാരണ ഫണ്ടിൽനിന്നു നഷ്ടപരിഹാരം നൽകുമെന്നും അവർ അറിയിച്ചു. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ പശുക്കൾ ചത്തത്(85). പോത്ത്, എരുമ, ആട്, കോഴി ഉൾപ്പെടെയുള്ള വർത്തുമൃഗങ്ങളും വലിയ തോതിൽ ചത്തിട്ടുണ്ട്.
ഇവയുടെ ജില്ല തിരിച്ചുള്ള കണക്ക് രണ്ട് ദിവസത്തിനകം ശേഖരിക്കാൻ തീരുമാനിട്ടുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തിൽ ഇടപെടാൻ വെറ്ററിനറി ഡോക്ടർമാർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. ചൂട് കാരണമാണോ മരണം ഉണ്ടായതെന്ന് പോസ്റ്റുമോർട്ടത്തിലൂടെ പരിശോധിക്കും. കർഷകർക്ക് ദുരന്തനിവാരണ ഫണ്ടിൽനിന്നു നഷ്ടപരിഹാരം നൽകും. ഒരു പശുവിന് 16,000 രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ചിഞ്ചു റാണി പറഞ്ഞു. ഇന്നു രാവിലെ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചിരുന്നു.