ന്യൂഡല്‍ഹി: മൂന്നുമാസത്തെ ജയില്‍ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വീഡിഷ് കമ്പനിയായ എറിക്‌സണ് 462 കോടി രൂപ നല്‍കി അനില്‍ അംബാനി. എറിക്‌സണ്‍ കമ്പനിക്കുള്ള കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡിന് സുപ്രീംകോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ നടത്തിപ്പിന് എറിക്‌സണുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള പണം നല്‍കാത്തതാണ് നിയമ യുദ്ധത്തിലേക്ക് നയിച്ചത്.
കോടതി ഉത്തരവനുസരിച്ച് നല്‍കേണ്ട 550 കോടി രൂപ നിശ്ചിത സമയത്തിനകം നല്‍കാത്തതിന് എറിക്‌സണ്‍ ഇന്ത്യയാണ് ഹര്‍ജി നല്‍കിയത്. റഫാല്‍ ഇടപാടില്‍ നിക്ഷേപിക്കാന്‍ പണമുള്ള അനില്‍ അംബാനി തങ്ങള്‍ക്കു തരാനുള്ള പണം തരാതിരിക്കുകയാണെന്ന് എറിക്‌സണ്‍ കോടതിയെ അറിയിച്ചിരുന്നു. ജിയോയുമായുള്ള ആസ്തി വില്‍പന കരാര്‍ യാഥാര്‍ത്ഥ്യമാകാത്ത സാഹചര്യത്തില്‍ അനിലിന്റെ കമ്പനി പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടിക്രമം ആരംഭിച്ചിരുന്നു.
അതേസമയം കടം വീട്ടാന്‍ സഹായിച്ച ജേഷ്ഠന്‍ മുകേഷ് അംബാനിക്ക് നന്ദി അറിയിച്ചു അനില്‍ രംഗത്തെത്തി. മുകേഷിനും ഭാര്യ നിദ അംബാനിക്കും നന്ദി അറിയിച്ചാണ് അനില്‍ രംഗത്തെത്തിയത്