X
    Categories: indiaNews

ഗാന്ധിജിയെ പാകിസ്താന്റെ രാഷ്ട്രപിതാവെന്ന് വിളിച്ചയാള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിയമനം

ഡല്‍ഹി: മഹാത്മാഗാന്ധിയെ പാകിസ്താന്റെ രാഷ്ട്രപിതാവെന്ന് വിളിച്ച ബിജെപി മീഡിയ സെല്‍ മുന്‍ തലവന്‍ അനില്‍ സൗമിത്രക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിയമനം. ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ പ്രൊഫസറായാണ് സൗമിത്രയെ നിയമിച്ചത്. കേന്ദ്രത്തിന് കീഴിലുള്ള രാജ്യത്തെ പ്രധാന മാസ് കമ്മ്യൂണിക്കേഷന്‍ ഇന്‍സ്റ്റിട്യൂട്ടാണ് ഐഐഎംസി.2019 മെയ് 16നാണ് സൗമിത്ര വിവാദ പരാമര്‍ശം നടത്തിയത്. അന്ന് അദ്ദേഹം മധ്യപ്രദേശ് ബിജെപിയിലെ സംസ്ഥാന വക്താവായിരുന്നു അനില്‍ സൗമിത്ര.

‘മഹാത്മാഗാന്ധി രാഷ്ട്ര പിതാവാണ്, പക്ഷേ പാകിസ്താന്റെതാണെന്നുമാത്രം.  ഇന്ത്യയില്‍ അദ്ദേഹത്തെപ്പോലെ ധാരാളം പേരുണ്ട്. ചിലര്‍ക്ക് മൂല്യമുണ്ട്, ചിലര്‍ക്ക് മൂല്യമില്ല’ എന്നായിരുന്നു അനില്‍ അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ബിജെപി സസ്‌പെന്‍ഡ് ചെയ്തിരുന്നു. 60ഓളം പേരില്‍ നിന്നാണ് സൗമിത്രയെ പ്രൊഫസറായി തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ ആദ്യവാരമായിരുന്നു അഭിമുഖം.

ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ നടത്തുന്നത് സ്വയംഭരണാധികാരമുള്ള ഐഐഎംസി സൊസൈറ്റിയാണ്. ഇവര്‍ക്ക് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മുഖേന ഇന്ത്യന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായ ഇദ്ദേഹത്തിന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അധിക ചുമതലയുണ്ട്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സഞ്ജയ് ദ്വിവേദി ഐഐഎംസി ഡയറക്ടര്‍ ജനറലാണ്.

Test User: