കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ സ്വപ്‌ന സുരേഷിന്റെ മൊഴി. ബിജെപിയെ സഹായിക്കാന്‍ ഇടപെടണമെന്ന് അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടെന്ന് സ്വപ്‌ന മൊഴി നല്‍കി. യുഎഇ കോണ്‍സുലേറ്റിന്റെ സഹായം ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും സ്വപ്‌ന കസ്റ്റംസ് ചോദ്യംചെയ്യലില്‍ പറഞ്ഞു. ഇന്നലെ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്വപ്‌നയുമായി ബന്ധമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
അനില്‍ നമ്പ്യാര്‍ക്കെതിരെ ദുബൈയിലുള്ള വഞ്ചനാ കേസ് തീര്‍ക്കാനും താന്‍ ഇടപെട്ടു. വഞ്ചനാ കേസ് കോണ്‍സുലേറ്റ് ജനറലിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് താനാണെന്നും കേസ് കോണ്‍സുലേറ്റ് ജനറല്‍ ഒത്തുതീര്‍പ്പാക്കിയെന്നും സ്വപ്‌ന മൊഴി നല്‍കി.
അഞ്ചര മണിക്കൂറാണ് ഇന്നലെ കസ്റ്റംസ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. ഇനിയും അനില്‍ നമ്പ്യാരെ ചോദ്യംചെയ്യുമെന്നാണ് കസ്റ്റംസില്‍ നിന്ന് ലഭിക്കുന്ന വിവരം.
ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്ത് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. അതേ ദിവസം ഉച്ചയ്ക്ക് സ്വപ്‌നാ സുരേഷും അനില്‍ നമ്പ്യാരും ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവുണ്ട്. സ്വപ്‌നയും അനില്‍ നമ്പ്യാരും പല തവണ നേരില്‍ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു ചോദ്യംചെയ്യല്‍.