കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടിച്ചെടുത്ത സ്വര്‍ണം അടങ്ങിയ ബാഗേജ് നയതന്ത്രപാഴ്‌സലല്ല, വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുവന്നതാണെന്ന് കോണ്‍സുല്‍ ജനറല്‍ കത്ത് നല്‍കിയാല്‍ രക്ഷപ്പെടാമെന്ന് ജനം ടി വി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ഉപദേശിച്ചെന്ന് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. ജൂലൈ 5ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് സ്വര്‍ണം കണ്ടെടുത്ത ദിവസം അനില്‍ നമ്പ്യാരും സ്വപ്ന സുരേഷും രണ്ട് തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. സ്വപ്നയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ അനില്‍ നമ്പ്യാരുടെ മൊഴിയുമായി കസ്റ്റംസ്
ഒത്തുനോക്കിയാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.
കൊച്ചി കസ്റ്റംസ് ഓഫീസില്‍ അനില്‍ നമ്പ്യാരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 11 മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടുനിന്നു.സ്വപ്നാ സുരേഷിന്റെ ഫോണ്‍ രേഖകള്‍ പൂര്‍ണമായും കസ്റ്റംസും എന്‍ഐഎയും പരിശോധിച്ചിരുന്നു. ഇതിലാണ് സ്വര്‍ണക്കടത്ത് പിടിച്ച ദിവസം തന്നെ അനില്‍ നമ്പ്യാരും സ്വപ്ന സുരേഷും രണ്ട് തവണ സംസാരിച്ചതായി വിവരം കിട്ടിയത്. എന്താണ് സംസാരിച്ചതെന്നത് വിശദമായി എന്‍ഐഎ നമ്പ്യാരില്‍ നിന്ന് ചോദിച്ചറിയും. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ വിവരശേഖരണത്തിനായി മാത്രമാണ് സ്വപ്ന സുരേഷിനെ വിളിച്ചതെന്നാണ് അനില്‍ നമ്പ്യാര്‍ വിശദീകരിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനോട് ചോദ്യം ചെയ്യലിനായി എത്താന്‍ ഇന്ന് എന്‍ഐഎ നോട്ടീസ് നല്‍കിയിരുന്നാണ്. എന്നാല്‍ വ്യക്തിപരമായ ചില കാര്യങ്ങളുള്ളതിനാല്‍ ഇന്ന് എത്താനാകില്ലെന്ന് അരുണ്‍ ബാലചന്ദ്രന്‍ മറുപടി നല്‍കിയെന്നാണ് വിവരം.