കൊല്‍ക്കത്ത: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാത് കോലി- ഹെഡ് കോച്ച് അനില്‍ കുംബ്ലെ എന്നിവര്‍ തമ്മിലുള്ള അനിഷ്ടങ്ങള്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടും പരിശീലകനെ തെരഞ്ഞെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയോഗിച്ച ക്രിക്കറ്റ് അഡ്‌വൈസറി കമ്മിറ്റി അംഗവുമായ സൗരവ് ഗാംഗുലി. വലിയ കോളിളക്കമുണ്ടായ കോലി-കുംബ്ലെ പ്രശ്‌നത്തിന് ശേഷം ആദ്യമായി സംസാരിക്കവെ പ്രശ്‌നം കൈകാര്യം ചെയ്ത രീതിയി ശരിയായില്ലെന്നും ഇതിലും മെച്ചപ്പെട്ട രീതിയില്‍ പ്രശ്‌നം പരിഹരിക്കേണ്ടയിരുന്നുവെന്നും അദ്ദേഹം ആരെയും പേരെടുത്ത് പരാമര്‍ശിക്കാതെ വ്യക്തമാക്കി. ക്യാപ്റ്റനും കോച്ചും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആദ്യം നിയോഗിച്ചത് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും വി.വി.എസ് ലക്ഷ്മണും അംഗമായ ക്രിക്കറ്റ് അഡ്‌വൈസറി കമ്മിറ്റിയെയായിരുന്നു. ഈ മൂന്ന് പേരും കോലി, കുംബ്ലെ എന്നിവരുമായി ലണ്ടനില്‍ വെച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷം ക്രിക്കറ്റ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നീട് ബോര്‍ഡാണ് പ്രശ്‌നത്തില്‍ ഇടപ്പെട്ടത്. ക്രിക്കറ്റ് ബോര്‍ഡിലെ ചിലരുടെ സംസാരത്തില്‍ പ്രയാസം പ്രകടിപ്പിച്ചാണ് കുംബ്ലെ രാജി പ്രഖ്യാപിച്ചത്. ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്ത് ആരായിരുന്നാലും പ്രശ്‌നം കുറച്ച് കൂടി രമ്യമായി പരിഹരിക്കാന്‍ കഴിയുമായിരുന്നെന്ന് സൗരവ് പറഞ്ഞു. ക്രിക്കറ്റ് ബോര്‍ഡും വിവിധ സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷന്‍ തലവന്മാരും തമ്മിലുള്ള യോഗത്തിലും സൗരവ് അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. ക്രിക്കറ്റ് ബോര്‍ഡ് ഏത് തരത്തിലുളള പരിശീലകനെയാണ് തേടുന്നതെന്ന് വ്യക്തമല്ലെന്നും മല്‍സരങ്ങള്‍ ജയിക്കാന്‍ മാത്രമുള്ള കോച്ചിനെയാണോ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു. ജൂലൈ ഒമ്പത് വരെ പരിശീലക പദവിയിലേക്ക് ആര്‍ക്കും അപേക്ഷ നല്‍കാം. ഈ അപേക്ഷകള്‍ പരിശോധിക്കുന്നത് സൗരവ് കൂടി ഉള്‍പ്പെട്ട അഡ്‌വൈസറി കമ്മിറ്റിയാണ്. എന്നാല്‍ പുതിയ കോച്ചിന്റെ നിയമനകാര്യത്തില്‍ എന്തെങ്കിലും സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പരിശീലക സ്ഥാനത്തേക്ക് എല്ലാവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ പരിഗണിക്കലാണ് ഞങ്ങളുടെ ജോലി. രവിശാസ്ത്രി അപേക്ഷ നല്‍കിയ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആര്‍ക്കും അപേക്ഷിക്കാമെന്നും വേണമെങ്കില്‍ തനിക്കും അപേക്ഷ നല്‍കാമെന്നും എന്നാല്‍ താന്‍ ഭരണാധികാരിയായത് കൊണ്ട് അതിന് കഴിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
നേരത്തെ രവിശാസ്ത്രി പരിശീലകനായിരുന്നപ്പോള്‍ അദ്ദേഹം സൗരവും തമ്മില്‍ ചെറിയ സൗന്ദര്യപിണക്കമുണ്ടായിരുന്നു. എന്നാല്‍ പഴയ കാര്യങ്ങള്‍ക്കൊന്നും ഇപ്പോള്‍ പ്രസക്തിയില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞത്.