മുംബൈ : ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ഉദ്ദേശ്യത്തോടെ ടീം പ്രഖ്യാപനം വൈകിപ്പിക്കുന്ന ബിസിസിഐയുടെ നിലപാടിനെതിരെ സംസാരിച്ച മുന്‍ ഇന്ത്യന്‍ താരവും, പരിശീലകനുമായ അനില്‍ കുംബ്ലെയ്ക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം കാത്തിരിക്കുകയാണെന്നായിരുന്നു കുംബ്ലെയുടെ പരാമര്‍ശം. തുടര്‍ന്ന് ബിസിസിഐയിലെ ഒരു വിഭാഗം കുംബ്ലെക്കെതിരെ തിരിയുകയായിരുന്നു. തീരുമാനം എടുക്കേണ്ടത് വ്യക്തികളല്ലെന്നും ക്രിക്കറ്റ് ബോര്‍ഡാണെന്നും ബിസിസിഐ പരസ്യമായി പറഞ്ഞു.
കുംബ്ലെയെക്കൂടാതെ രാഹുല്‍ ദ്രാവിഡും സച്ചിന്‍ ടെണ്ടുല്‍ക്കറും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് വ്യക്തമാക്കിയിരുന്നു. ടീമിനെ പ്രഖ്യാപിക്കുന്നത് വൈകിയാല്‍ വിസ ലഭിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് ബിസിസിഐയിലെ ഒരു വിഭാഗവും ചൂണ്ടിക്കാട്ടിയതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമായിരുന്നു.
ഏപ്രില്‍ 25നായിരുന്നു ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തിയ്യതി. എന്നാല്‍ വരുമാനം പങ്കുവെക്കുന്ന കാര്യത്തില്‍ ഐസിസിയും ബിസിസിഐയും തമ്മിലുള്ള അഭിപ്രായഭിന്നത മൂലം ടീമിനെ പ്രഖ്യാപിക്കുന്നത് ബിസിസിഐ വൈകിപ്പിക്കുകയായിരുന്നു. ഇന്ന് നടക്കുന്ന പ്രത്യേക ജനറല്‍ബോര്‍ഡി യോഗത്തിലാകും ടീമിനെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.
ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കണമെന്ന് ബിസിസിഐയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നതിനാല്‍ യോഗത്തില്‍ വാദപ്രതിവാദങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ബിസിസിഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണസമിതി രംഗത്തുവന്നിരുന്നു. ടീമിനെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് ഭരണസമിതി ബിസിസിഐക്ക് നിര്‍ദേശം നല്‍കുകയും തങ്ങളുടെ അനുവാദമില്ലാതെ ഐസിസിയുമായി ആശയവിനിമയം നടത്താന്‍ പാടില്ലെന്നും നിര്‍ദേശിച്ചിരുന്നു.