ഡല്‍ഹി: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയെ കുരുക്കി ചൈനീസ് ബാങ്കുകള്‍. അദ്ദേഹത്തിന്റെ ലോകമെമ്പാടുമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് മൂന്ന് ചൈനീസ് ബാങ്കുകള്‍ തയ്യാറെടുക്കുന്നത്.അനില്‍ അംബാനി മൂന്ന് ചൈനീസ് ബാങ്കുകളില്‍നിന്നായി വായ്പ ഇനത്തില്‍ 5300 കോടി രൂപയാണ് തിരിച്ചടക്കാനുള്ളത്. വെള്ളിയാഴ്ച ലണ്ടനിലെ കോടതിയില്‍ അനില്‍ അംബാനി ഹാജരായതിന് ശേഷമാണ് ബാങ്കുകളുടെ മുന്നോട്ടുപോക്ക്.
ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന, എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്‌മെന്റ് ബാങ്ക് എന്നിവര്‍ സ്വത്തുകണ്ടുകെട്ടല്‍ നിയമ നടപടിയുടെ ചെലവുകള്‍ സംബന്ധിച്ച അന്വേഷണം തുടങ്ങിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 2012ലാണ് മൂന്ന് ചൈനീസ് ബാങ്കുകള്‍ അനില്‍ അംബാനിക്ക് വ്യക്തി ജാമ്യത്തില്‍ വായ്പ അനുവദിച്ചത്. എന്നാല്‍ 2017 മുതല്‍ തുക തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തുകയായിരുന്നു.
മൂന്ന് ചൈനീസ് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് മേയ് 22ന് ലണ്ടന്‍ കോടതി അനില്‍ അംബാനി 5276 കോടി വായ്പ തുകയും 7.04കോടി കോടതിചെലവായും നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് പാലിക്കാത്തതിനെ തുടര്‍ന്ന് ആസ്തി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകള്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.താന്‍ ലളിത ജീവിതം നയിക്കുന്ന ആളാണെന്നും കോടതി ചിലവിനുള്ള പണം പോലുമില്ലെന്നും അനില്‍ അംബാനി കോടതിയെ അറിയിച്ചിരുന്നു. കോടതി ചെലവിനായി ആഭരണങ്ങള്‍ വിറ്റെന്നും ഇപ്പോള്‍ കഴിയുന്നത് ഭാര്യയുടെയും കുടുംബത്തിന്റെയും ചിലവില്‍ ആണെന്നുമായിരുന്നു അനില്‍ അംബാനിയുടെ വെളിപ്പെടുത്തല്‍.
ആഭരണങ്ങള്‍ വിറ്റതിലൂടെ 9.9 കോടി ലഭിച്ചെന്നും ഇത് നിയമനടപടികള്‍ക്ക് മാത്രമായി ചിലവാകുമെന്നും അനില്‍ കോടതിയെ അറിയിച്ചു. താന്‍ ഒരിക്കലും റോള്‍സ് റോയ്‌സ് കാര്‍ ഉപയോഗിച്ചില്ല. ഒരു കാര്‍ മാത്രമാണുള്ളത്. താന്‍ ആഡംബര കാറുകള്‍ ഉപയോഗിക്കുന്നുവെന്നത് ആരോപണം മാത്രമാണെന്നും അനില്‍ അംബാനി വെളിപ്പെടുത്തിയിരുന്നു.