X

അമ്പതിനായിരം കോടിയുടെ കടം വീട്ടണം; കൈയിലുള്ളതെല്ലാം വിറ്റുപെറുക്കി അനില്‍ അംബാനി- ഒരു വമ്പന്റെ പതനം

മുംബൈ: കടം പെരുകി കെണിയിലായ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ഉള്ളതെല്ലാം വിറ്റുപെറുക്കി കരപറ്റാനുള്ള ശ്രമത്തില്‍. അനിലിന് അനുവദിച്ച വായ്പ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ബാങ്കുകള്‍ ആരംഭിച്ചതായാണ് വിവരം. അനിലിന്റെ നേതൃത്വത്തിലുള്ള ആര്‍ കോം ലിമിറ്റഡില്‍ നിന്ന് 18 മാസത്തെ കുടിശ്ശികയും പലിശയും ഇടാക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചു. ഇതിനായി ആസ്തി വില്‍ക്കാന്‍ ആര്‍ കോം തീരുമാനിച്ചു.

റിലയന്‍സ് ഇന്‍ഫ്രാടെല്ലിന്റെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം പ്രകാരം ആര്‍കോമിന് 49,193.46 കോടി രൂപ കടമുണ്ട്. കമ്പനിയുടെ വസ്തുവകകള്‍ മൂന്നു കമ്പനികള്‍ക്കു കീഴിലാണ് ഉള്ളത്-ആര്‍കോം, റിലയന്‍സ് ടെലികോം, റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നിങ്ങനെ. കമ്പനികള്‍ വിവിധ കമ്പനികളില്‍ നിന്നായി 24,306.27 കോടി രൂപയും, 12,687.65 കോടി രൂപയും കടമായി പറ്റിയിട്ടുണ്ട്. ഇതു പരിഗണിക്കുമ്പോള്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ മൊത്തം കടം 86,187.58 കോടി രൂപയാണ്. ഇതിനു പുറമെയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികോമിന് സ്പെക്ട്രം ലഭിച്ച ഇനത്തില്‍ നല്‍കാനുള്ള 28,837 കോടി രൂപ.

മുകേഷ് അംബാനി

ആദ്യപടിയായി വയര്‍ലസ് ടെലിഫോണ്‍ വ്യാപാരം എയര്‍സെല്ലിന് വില്‍ക്കും. മലേഷ്യന്‍ കോടീശ്വരന്‍ ആനന്ദ കൃഷ്ണന്റെ ഉടമസ്ഥതതയിലാണ് ഇപ്പോള്‍ എയര്‍സെല്‍. ഇതുവരെ ആര്‍കോമിന്റെ കടം 14000 കോടിയായി കുറയുമെന്നാണ് കരുതപ്പെടുന്നത്. ടെലികോം ടവര്‍ ബിസിനസിലെ ഓഹരികള്‍ കനേഡിയന്‍ സ്ഥാപനമായ ബ്രൂക്ക് ഫീല്‍ഡിന് പതിനൊന്നായിരം കോടി രൂപയ്ക്ക് വില്‍ക്കും.

ആര്‍കോമിന്റെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് സ്ട്രാറ്റജിക് ഡെബ്റ്റ് റിഡക്ഷന്‍ (എസ്ഡിആര്‍) പദ്ധതിയാണ് ബാങ്കുകള്‍ നടപ്പാക്കുന്നത്. ഇതു പ്രകാരം വായ്പകള്‍ അടുത്ത 18 മാസത്തേക്ക് ആസ്തികള്‍ ആയി കണക്കാക്കും. ആര്‍കോമിന്റെ ഓഹരികള്‍ കടലിന് അടിയിലൂടെ കേബിള്‍ വലിക്കുന്ന കമ്പനി ഗ്ലോബല്‍ ക്ലൗഡ് എക്‌സ്‌ചേഞ്ചിന് കൈമാറും. മുംബൈയിലും ഡല്‍ഹിയിലുമുള്ള ഭൂമികളും വില്‍ക്കും.

കടം കുമിഞ്ഞു കൂടി 2017ലാണ് ആര്‍കോം പ്രവര്‍ത്തനം അവസാനിപ്പിച്ചത്. സഹോദരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ 2016ല്‍ ടെലികോം മേഖലയിലേക്ക് കടന്നതാണ് ആര്‍കോമിന് തിരിച്ചടിയായത്.

2008ല്‍ 31 ബില്യണ്‍ യുഎസ് ഡോളറായിരുന്നു അനില്‍ അംബാനിയുടെ ആസ്തി. ഇന്ത്യയിലെ ആദ്യത്തെ മൂന്ന് സമ്പന്നരില്‍ ഒരാളായിരുന്നു അദ്ദേഹം.

Test User: