X
    Categories: Video Stories

ആര്‍.എസ്.എസ് ബന്ധം; വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന് അനില്‍ അക്കര എം.എല്‍.എ വക്കീല്‍ നോട്ടീസയച്ചു

വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ സംഘ് പരിവാര്‍ പശ്ചാത്തലം വെളിപ്പെടുത്തി ഫേസ്ബുക്കില്‍ രംഗത്തുവന്ന അനില്‍ അക്കര എം.എല്‍.എ, സര്‍ക്കാര്‍ മുദ്രയുള്ള ലെറ്റര്‍ പാഡില്‍ മന്ത്രി നല്‍കിയ മറുപടിക്കെതിരെ വക്കീല്‍ നോട്ടീസയച്ചു. എ.ബി.വി.പിയുമായി തനിക്കൊരു ബന്ധമില്ലെന്നും എം.എല്‍.എയുടെ ആരോപണം അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്നുമുള്ള രവീന്ദ്രനാഥിന്റെ ഔദ്യോഗിക മറുപടി തന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണെന്ന് അനില്‍ അക്കര വക്കീല്‍ നോട്ടീസില്‍ പറയുന്നു. അപകീര്‍ത്തികരമായ പരാമര്‍ശത്തിന് ക്ഷമാപണം നടത്തി, പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് അഡ്വ. സി.ആര്‍. ജെയ്‌സണ്‍ വഴി മന്ത്രിക്കയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത്. നോട്ടീസ് എം.എല്‍.എ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

രവീന്ദ്രനാഥ് ചെറുപ്പത്തില്‍ ആര്‍.എസ്.എസ് ശാഖയില്‍ പോയിരുന്നു എന്നും കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ എ.ബി.വി.പിക്കു വേണ്ടി ചെയര്‍മാന്‍ സ്ഥാനത്തിന് നോമിനേഷന്‍ നല്‍കിയിരുന്നു എന്നുമുള്ള ആരോപണങ്ങള്‍ മൂന്നു പേജ് നീണ്ട നോട്ടീസില്‍ അനില്‍ അക്കര ആവര്‍ത്തിക്കുന്നു. ഇത് നിഷേധിച്ച് സര്‍ക്കാര്‍ മുദ്രയുള്ള ലെറ്റര്‍പാഡില്‍ നല്‍കിയ മറുപടി, തന്റെ വിശ്വാസ്യത ചോദ്യം ചെയ്യുകയും തനിക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും ദുഷ്പ്രചരണങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കുകയും ചെയ്തു എന്ന് അനില്‍ അക്കര പറയുന്നു. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കി ക്ഷമാപണം നടത്തിയില്ലെങ്കില്‍ ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.

വക്കീല്‍ നോട്ടീസിലെ പ്രസക്ത ഭാഗങ്ങള്‍
‘അമ്മയുടെ വീട് സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിലെ ചേരാനെല്ലൂര്‍ എന്ന സ്ഥലത്തെ ആര്‍.എസ്.എസ് ശാഖയില്‍ കുട്ടിക്കാലത്ത് രവീന്ദ്രനാഥ് പങ്കെടുത്തിരുന്നു എന്ന തന്റെ ആരോപണം ഫെയ്‌സ്ബുക്കിലും ലെറ്റര്‍പാഡിലും ഉള്ള മറുപടിയില്‍ മന്ത്രി നിഷേധിച്ചിട്ടില്ല.’

‘1978 ഒക്ടോബര്‍ 27-ന് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ രണ്ടാം വര്‍ഷ എം.എസ്.സി കെമിസ്ട്രി വിദ്യാര്‍ത്ഥിയായിരിക്കെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയുടെ കോളേജ് യൂണിയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് രവീന്ദ്രനാഥ് നോമിനേഷന്‍ നല്‍കി. ഇത് കോളേജിന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് കെ.എസ്.യുവിന്റെ വിജയ സാധ്യത ഇല്ലാതാക്കുന്നതിനു വേണ്ടിയും മുന്‍ എം.എല്‍.എ ഇ.കെ മേനോന്റെ മകനും എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥിയുമായ എന്‍. രവീന്ദ്രനാഥിന്റെ വിജയസാധ്യത ഉറപ്പാക്കുന്നതിനു വേണ്ടിയും നോമിനേഷന്‍ പിന്‍വലിച്ചു. ഇക്കാര്യങ്ങള്‍ സെന്റ് തോമസ് കോളേജിലെ തെരഞ്ഞെടുപ്പ് രേഖകളില്‍ ഉണ്ട്. എസ്.എഫ്.ഐയെ പരാജയപ്പെടുത്തണം എന്ന ആര്‍.എസ്.എസ്സിന്റെ തീരുമാനത്തെ തുടര്‍ന്നാണ് എന്‍. രവീന്ദ്രനാഥിന്റെ സമാന പേരുകാരനായ സി. രവീന്ദ്രനാഥ് എ.ബി.വി.പിക്കു വേണ്ടി പത്രിക നല്‍കിയും പിന്നീട് പിന്‍വലിച്ചതും. ഔദ്യോഗിക ലെറ്റര്‍പാഡില്‍ നല്‍കിയ നിഷേധക്കുറിപ്പില്‍ ആര്‍.എസ്.എസ് ശാഖയില്‍ പങ്കെടുത്തിട്ടില്ലെന്നോ എ.ബി.വി.പിക്കു വേണ്ടി നോമിനേഷന്‍ കൊടുത്തിട്ടില്ലെന്നോ മന്ത്രി പറഞ്ഞിട്ടില്ല.’

‘ഈ പ്രസ്താവനയെ തുടര്‍ന്ന് മന്ത്രിയുടെ സംഘടനയിലെ അംഗങ്ങള്‍ വളരെ മോശമായ രീതിയില്‍ തന്നെ അപമാനിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും വേണ്ടി ഫേസ്ബുക്കില്‍ പ്രചരണം നടത്തുകയാണ്. മന്ത്രിയുടെ അറിവും സമ്മതത്തോടും കൂടിയാണിത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: