ദോഹ: അത് ചതിയായിരുന്നോ…? അത്തരത്തിലാണ് ലോക ഫുട്‌ബോളിലെ ചര്‍ച്ചകള്‍. രാജ്യത്തിന്റെ ജഴ്‌സിയില്‍ 195 മല്‍സരങ്ങള്‍ കളിച്ച അതിവിഖ്യാതനായ ഒരു താരം. 118 ഗോളുകള്‍ സ്വന്തം പേരില്‍ക്കുറിച്ച് റെക്കോര്‍ഡ് സ്വന്തമാക്കിയ കളിക്കാരന്‍. കൃസ്റ്റിയാനോ റൊണാള്‍ഡോയെ പോലെ ഒരു താരത്തെ ബെഞ്ചിലിരുത്തി അദ്ദേഹത്തെ വേദനയോടെ പറഞ്ഞയച്ച പോര്‍ച്ചുഗല്‍ ടീം മാനേജ്‌മെന്റിനെതിരെ രോഷം പുകയുകയാണ്. ടീമില്‍ വ്യക്തിഗതമായ എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും അത് മൈതാനത്ത് പ്രകടിപ്പിക്കേണ്ടതായിരുന്നില്ല. ലോകകപ്പ് പോലെ വലിയ വേദിയില്‍, അതും നിര്‍ണായക മല്‍സരത്തില്‍ ലോകത്തിലെ ഒന്നാം നിര താരങ്ങളിലൊരാള്‍ ബെഞ്ചിലിരിക്കുക എന്നത് ഒരു താരത്തോടും ഒരു കോച്ചും ടീമും ഇത് വരെ ചെയ്യാത്ത ചതിയാണ്.
ലിയോ മെസിയെ ഇത്തരത്തില്‍ അര്‍ജന്റീന ബെഞ്ചിലിരുത്തില്ല. നെയ്മറെ ബ്രസീലോ, എംബാപ്പേയെ ഫ്രാന്‍സോ ഇരുത്തില്ല. അവരുടെ സാന്നിധ്യം മൈതാനം ആഗ്രഹിക്കുന്നത് പല തരത്തിലാണ്. സൂപ്പര്‍ താരങ്ങള്‍ മൈതാനത്ത് വരുമ്പോള്‍ പ്രതിയോഗികള്‍ സ്വാഭാവികമായും പതറും. സി.ആര്‍ തുടക്കം മുതല്‍ കളിച്ചിരുന്നെങ്കില്‍ മൊറോക്കോയുടെ ഗെയിം പ്ലാന്‍ മാറുമായിരുന്നു.
അദ്ദേഹത്തെ മാത്രം ജാഗ്രതയോടെ ശ്രദ്ധിക്കാന്‍ ഒരു ഡിഫന്‍ഡര്‍ നിയോഗിക്കപ്പെടും. അത്തരത്തില്‍ വരുമ്പോള്‍ ഗോണ്‍സാലോ റാമോസ് ഉള്‍പ്പെടുന്ന മറ്റ് മുന്‍നിരക്കാര്‍ക്ക് അവസരങ്ങള്‍ കൈവരും. മെസിയെ പ്രതിയോഗികള്‍ മാര്‍ക്ക് ചെയ്യുമ്പോള്‍ മറ്റ് അര്‍ജന്റീനക്കാര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നത് പോലെ. അവസരവാദിയാണ് സി.ആര്‍. ഏത് ആങ്കിളില്‍ നിന്നും അദ്ദേഹം ഗോള്‍ നേടും. ഫ്രീകിക്കുകളും കോര്‍ണര്‍ കിക്കുകളും സുന്ദരമായി പായിക്കും. ഇത്തരത്തില്‍ ഒരു മികച്ച താരം ബെഞ്ചില്‍. അനുഭവസമ്പത്ത് വലിയ ഘടകമാണ്. വലിയ മല്‍സരങ്ങളുടെ മനസ് അറിഞ്ഞ് തന്നെ കളിക്കാനാവും. ഇതെല്ലാം കളഞ്ഞുകുളിക്കപ്പെട്ടു.
പോര്‍ച്ചുഗല്‍ ടീമിന് ലോകകപ്പിന്റെ രണ്ടാം ഘട്ടത്തില്‍ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ല. പ്രാഥമിക റൗണ്ടില്‍ റൊണാള്‍ഡോയെ കേന്ദ്രീകരിച്ചായിരുന്നു കാര്യങ്ങള്‍. പക്ഷേ നോക്കൗട്ടിലേക്ക് വന്നപ്പോള്‍ കഥ മാറി. അദ്ദേഹത്തിന് പകരക്കാരനായി കളിച്ച റാമോസ് മികച്ച യുവതാരമാണ്. ഹാട്രിക്ക് സ്‌ക്കോര്‍ ചെയ്യാന്‍ അദ്ദേഹത്തിനായി. സ്വിറ്റ്‌സര്‍ലന്‍ഡിനെ പോലെ ഒരു പ്രതിയോഗിക്കെതിരെ കടന്നാക്രമണം നടത്തിയതിലുൂടെ ലഭിച്ച നേട്ടമായിരുന്നു അത്. മൊറോക്കോ സ്വിറ്റ്‌സര്‍ലന്‍ഡായിരുന്നില്ല. അവരുടെ ഡിഫന്‍സ് അതിശക്തമായിരുന്നു. അഷ്‌റഫ് ഹക്കീമി നയിക്കുന്ന പ്രതിരോധ മികവില്‍ തന്നെയാണ് ടീം സെമിയിലെത്തിനില്‍ക്കുന്നത്. ആ ഡിഫന്‍സ് കീറിമുറിക്കുക എളുപ്പമല്ലെന്ന് മനസിലാക്കി തന്നെ തന്ത്രപരമായി റൊണാള്‍ഡോയെ കളിപ്പിക്കാനുള്ള തീരുമാനമായിരുന്നു കോച്ച് ഫെര്‍ണാണ്ടോ സാന്‍ഡോസില്‍ നിന്നും പ്രതീക്ഷിച്ചത്. അതിന് പകരം അദ്ദേഹം വിജയ സംഘമെന്ന മുദ്ര കുത്തി സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ കളിച്ചവരെ തന്നെ ആദ്യ ഇലവനില്‍ പരീക്ഷിച്ചു. റാമോസിന് ഒന്നും ചെയ്യാനായില്ല.
വളരെ വൈകി സി.ആറിനെ രംഗത്തിറക്കിയപ്പോഴാകട്ടെ മൊറോക്കോ മല്‍സരത്തില്‍ മാനസിക മുന്‍ത്തൂക്കം കൈവരിച്ചിരുന്നു.സ.ആറിനോട് പോര്‍ച്ചുഗല്‍ ഇത് ചെയ്യരുതായിരുന്നു എന്ന് ലോകം ഉച്ചത്തില്‍ പറയുന്നു. അത് കേവലമായ താരാരാധനയില്‍ നിന്നല്ല. അദ്ദേഹത്തിന്റെ മികവ് കണ്ടതില്‍ നിന്നാണ്.
അവസാന ലോകകപ്പില്‍ കളിക്കുന്ന ഒരു 37 കാരനെ ഇത്തരത്തില്‍ വേട്ടയാടിയവര്‍ ആരായാലും അത് സാരമായി ബാധിക്കാന്‍ പോവുന്നത് സാന്‍ഡോസ് എന്ന കോച്ചിനെ തന്നെയാണ്. ഒരു പരിശീലകന്‍ മികച്ച പരിശീലകനാവുന്നത് ടീം വിജയിക്കുമ്പോഴാണ്. ടീമിന്റെ വലിയ വിജയങ്ങള്‍ക്ക് ഇത് വരെ കോച്ചിനെ സഹായിച്ചത് മറ്റാരുമായിരുന്നില്ല. യൂറോപ്യന്‍ കിരീടം പോര്‍ച്ചുഗല്‍ നേടയത് സി.ആര്‍ മികവിലായിരുന്നു. സമീപകാലത്തെ വിജയങ്ങളെല്ലാം അത്തരത്തില്‍ തന്നെ. എന്നിട്ടും ചരിത്രം ഓര്‍മപ്പെടുത്തുന്ന ഒരു ചാമ്പ്യന്‍ഷിപ്പില്‍ കണ്ണ് തുടച്ച് മഹാനായ താരം മടങ്ങുമ്പോള്‍ അത് മറക്കാനാവാത്ത ഫുട്‌ബോള്‍ വേദനയായി മാറുന്നു.