ഓക്ലാന്‍ഡ്: ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുത്തതിന് പിന്നാലെ അമേരിക്കയിലെ പല ഭാഗങ്ങളിലും പ്രതിഷേധം. പല സ്ഥലങ്ങളിലും പ്രതിഷേധം സംഘര്‍ഷത്തിലേക്ക് കടന്നു. കടകളിലെ ചില്ലുകള്‍ തകര്‍ത്ത പ്രതിഷേധക്കാര്‍, മാലിന്യക്കൂമ്പാരത്തിന് തീയിട്ടു. അതേസമയം സമാധാന പ്രതിഷേധവും ചില ഭാഗങ്ങളില്‍ ഉണ്ടായി. ഓക്ലാന്‍ഡ്, കാലിഫോര്‍ണിയ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും കോലാഹലങ്ങള്‍ അരങ്ങേറിയത്. പോര്‍ട്ട്‌ലാന്‍ഡില്‍ വാഹനങ്ങള്‍ തടഞ്ഞു. 300ലധികം പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നു.
ട്രെയിനുകള്‍ വൈകിയോടി. അമേരിക്കന്‍ പതാക കത്തിച്ച പ്രതിഷേധക്കാര്‍ ഇത് ഞങ്ങളുടെ പ്രസിഡന്റല്ലെന്ന തരത്തില്‍ മുദ്രാവാക്യം മുഴക്കി. പെന്‍സില്‍വാനിയയില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രകടനത്തില്‍ പങ്കെടുത്തു. ടെക്‌സസ് സര്‍വകലാശാല, കാലിഫോര്‍ണിയ സര്‍വകലാശാല എന്നിവിടങ്ങളിലും വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ പങ്കെടുത്തു. ട്വിറ്ററില്‍ ഇത് ഞങ്ങളുടെ പ്രസിഡന്റല്ല(not my president) എന്ന ഹാഷ്ടാഗും വൈറലായി. മണിക്കൂറുകള്‍ക്കകം അരലക്ഷം ആളുകളാണ് ഈ ഹാഷ്ടാഗ് ഉപയോഗിച്ചത്.