X

ശിവസേനയ്ക്ക് സീറ്റ് നല്‍കിയതില്‍ രോഷം; മുംബൈയിലെ ബിജെപിയില്‍ പൊട്ടിത്തെറി, പ്രതിഷേധവും കൂട്ടരാജിയും

ബി.ജെ.പി നേതൃത്വം നല്‍കുന്ന മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ വന്‍ പ്രതിസന്ധി. ശിവസേനയ്ക്ക് നല്‍കിയ താനെ സീറ്റിനെ ചൊല്ലി ബിജെപിയില്‍ കൂട്ടരാജി. താനെ ജില്ലാ ബി.ജെ.പി ഭാരവാഹികളും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെയ്ക്ക് രാജിക്കത്ത് അയച്ചു. മുംബൈ മേഖയിലെ മൂന്ന് മണ്ഡലങ്ങളടക്കം മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 15 സീറ്റുകളാണ് നല്‍കിയിരുന്നത്.

താനെ അടക്കമുള്ള സീറ്റുകള്‍ ശിവസേനയ്ക്ക് വിട്ട് നല്‍കിയതും അവരുടെ സ്ഥാനാര്‍ഥികളെ ചൊല്ലിയും ബി.ജെ.പിക്കുള്ളില്‍ വലിയ അസ്വരാസ്യങ്ങളാണ് സൃഷ്ടിച്ചുള്ളത്. താനെ മണ്ഡലത്തില്‍ ബിജെപി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാനഘട്ട ചര്‍ച്ചയില്‍ ഈ സീറ്റ് ഷിന്ദേവിഭാഗം നേടിയെടുക്കുകയായിരുന്നു. മുന്‍ താനെ മേയര്‍ നരേഷ് മാസ്‌കെയെ ആണ് ശിവസേന ഇവിടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. അദ്ദേഹത്തിനെതിരെ ബിജെപി താനെ ഘടകം ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്.

പകരം മുതിര്‍ന്ന നേതാവ് ഗണേഷ് നായിക്കിന്റെ മകന്‍ സഞ്ജീവ് നായിക്കിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. നായിക്ക് അനുയായികള്‍ മുംബൈയിലെ ബിജെപി ആസ്ഥാനത്തെത്തി പ്രതിഷേധം നടത്തി. പ്രവര്‍ത്തകരുടെ വികാരം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്.

താനെയെ കൂടാതെ മുംബൈ സൗത്തിലും മുംബൈ നോര്‍ത്ത് വെസ്റ്റിലുമുള്ള ശിവസേന സ്ഥാനാര്‍ഥികള്‍ക്കെതിരെയും ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ട്. മുംബൈ സൗത്തില്‍ യാമിനി ജാദവും മുംബൈ നോര്‍ത്ത് വെസ്റ്റില്‍ രവീന്ദ്ര വൈകാറിനെയുമാണ് ശിവസേന സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നത്. ഇരുവരും അഴിമതി ആരോപണങ്ങള്‍ നേരിടുന്നവരാണെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

മഹാരാഷ്ട്രയിലെ എന്‍ഡിഎ സീറ്റ് വിഭജനത്തില്‍ ബിജെപിക്ക് മത്സരിക്കാന്‍ 28 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. ശിവസേന 15 സീറ്റുകളിലും ഉപമുഖ്യമന്ത്രി അജിത്പവാര്‍ നേതൃത്വം നല്‍കുന്ന എന്‍.സി.പി. നാല്‌സീറ്റുകളിലും മത്സരിക്കും. പര്‍ഭനി മണ്ഡലത്തില്‍ സ്വതന്ത്രനെ സഖ്യം പിന്തുണയ്ക്കാനുമാണ് തീരുമാനം. 2022 ജൂണില്‍ ശിവസേന പിളര്‍ന്നപ്പോള്‍ ഷിന്ദേയോടൊപ്പം 13 എം.പി.മാര്‍ പോയിരുന്നു. പാര്‍ട്ടിക്ക് 2 മണ്ഡലങ്ങള്‍ കൂടി അധികമായി ലഭിച്ചിട്ടുണ്ട്.

 

webdesk13: