X

ആഞ്ജലീന ജോളി ജീവിതത്തിലും ചാരസുന്ദരിയായി

ന്യൂയോര്‍ക്ക്: ഹോളിവുഡ് നടിയായും സന്നദ്ധ പ്രവര്‍ത്തകയായും അന്താരാഷ്ട്ര പ്രസിദ്ധി നേടിയ ആഞ്ജലീന ജോളി സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ചാരസുന്ദരിയുടെ വേഷമണിഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. ഒരുപാട് സിനിമകളില്‍ ചാരസുന്ദരിയായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ആഞ്ജലീന ശരിക്കും ഒരു ചാരവനിതയായിരുന്നു വെന്നാണ് മീഡിയപാര്‍ട്ട് എന്ന ഫ്രഞ്ച് മാധ്യമം പറയുന്നത്.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐ.സി.സി)യുടെ ഇമെയിലുകള്‍ ചോര്‍ത്തി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളില്‍ വസ്തുതയുണ്ടെന്നാണ് വിവരം. ഉഗാണ്ടയിലെ കൊടുംകുറ്റവാളി ജോസഫ് കോണിയെ പിടികൂടാനുള്ള രാജ്യാന്തര അന്വേഷണ ഉദ്യോഗസ്ഥരുടെ പദ്ധതിയില്‍ ആഞ്ജലീനയും ഭാഗമായിരുന്നുവെന്ന് മീഡിയപാര്‍ട്ട് പറയുന്നു.

ഐ.സി.സിയുടെ മുന്‍ ചീഫ് പ്രോസിക്യൂട്ടര്‍ ലൂയി മോറെനോ ഒകാംപോയാണ് ഹണിട്രാപ്പില്‍ കുടുക്കി കോണിയെ പിടികൂടാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ആഞ്ജലീനയെ സമീപിച്ചത്. ആഞ്ജലീനയുടെ ഭര്‍ത്താവായിരുന്ന ബ്രാഡ് പിറ്റും പദ്ധതിയോട് സഹകരിക്കാന്‍ തയാറായിരുന്നു.

ഒരു സ്വകാര്യ അത്താഴത്തിനു ക്ഷണിച്ച് കോണിയെ പിടികൂടാനുള്ള നീക്കം പക്ഷെ, പരാജയപ്പെടുകയായിരുന്നു. കോണിയെ ഇതുവരെയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. 2016 സെപ്തംബറില്‍ ആഞ്ജലീനയും ബ്രാഡ് പിറ്റും വേര്‍പിരിഞ്ഞിരുന്നു. ഹണിട്രാപ്പ് വാര്‍ത്തയോട് ആഞ്ജലീന പ്രതികരിച്ചിട്ടില്ല. ഒറ്റക്കൊരു മുറിയില്‍കിട്ടിയാല്‍ കോണിയെപ്പോലുള്ള ചിലരെ പിടികൂടാന്‍ താല്‍പര്യമുണ്ടെന്ന് 2010ലെ ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു. ക്രൂരനായ മനുഷ്യനായി ആഞ്ജലീന കോണിയെ വിശേഷിപ്പിച്ചിട്ടുണ്ട്. ഉഗാണ്ട ഗറില്ലാ ഗ്രൂപ്പായ ലോര്‍ഡ്‌സ് റെസിസ്റ്റന്‍സ് ആര്‍മിയുടെ തലവനായ കോണിയെ ഐക്യരാഷ്ട്രസഭ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗറില്ല സംഘത്തിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുകയും ലൈംഗിക അടിമകളാക്കുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള പ്രധാന ആരോപണം.

chandrika: