കോട്ടയം:നഗര പരിസ്ഥിതിയുടെ ആരോഗ്യസൂചകമായി വിശേഷിപ്പിക്കപ്പെടുന്ന അങ്ങാടിക്കുരുവികള്‍ അതിവേഗം ഇല്ലാതാകുന്നു.ലോക അങ്ങാടിക്കുരുവി ദിനത്തോടനുബന്ധിച്ച് ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സ് കോട്ടയം, കൊച്ചി നഗരങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ഇത് വ്യക്തമായത്. 2012 മുതല്‍ സംഘടന ഈ നഗരങ്ങളില്‍ മുടങ്ങാതെ സര്‍വേ നടത്തുന്നുണ്ട്.
കോട്ടയം നഗരത്തില്‍ 2012-ല്‍ 740 കുരുവികള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴവയുടെ എണ്ണം150 ആയി കുറഞ്ഞു. 2012-ല്‍ നഗരത്തില്‍ പത്തോളം കേന്ദ്രങ്ങളില്‍ അങ്ങാടിക്കുരുവികള്‍ കൂട് കൂട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ അത് അഞ്ച് സ്ഥലങ്ങളിലായി ചുരുങ്ങി. ഇതില്‍ തന്നെ രണ്ടിടങ്ങിളില്‍ കുരുവികളുടെ സാന്നിധ്യം നാമമാത്രമാണ്. കൊച്ചി നഗരത്തില്‍ ബ്രോഡ് വേയിലെ മാര്‍ക്കറ്റിലും മെറൈന്‍ഡ്രൈവിലും മാത്രമാണ് അങ്ങാടിക്കുരുവികള്‍ അവശേഷിക്കുന്നത്. ബ്രോഡ് വേയിലെ മാര്‍ക്കറ്റില്‍ 150ല്‍ താഴെയും മെറൈന്‍ ഡ്രൈവില്‍ 350 ഓളവും.
രണ്ട് നഗരങ്ങളിലേയും കുരുവിക്കൂടുകളില്‍ കുഞ്ഞുങ്ങളുടെ എണ്ണം കുറവാണ്. ഇവയുടെ വംശവര്‍ദ്ധനവ് നേരിട്ടിരിക്കുന്ന തകര്‍ച്ചയാണിത് ചൂണ്ടിക്കാണിക്കുന്നത്. കുരുവികള്‍ കൂടൊരുക്കിയിരുന്ന പഴയരീതിയിലുള്ള കെട്ടിടങ്ങള്‍ ഇല്ലാതായതും ഇവയെ സംരക്ഷിച്ചിരുന്ന വ്യാപാരികളുടെ എണ്ണം ചുരുങ്ങിയതുമാണ് ഇവയുടെ നാശത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
മുഖ്യ ആഹാരമായ ധാന്യത്തിലെ വിഷാംശം ഈ ചെറുപക്ഷികള്‍ക്ക് വിനയായിട്ടുണ്ട്. കോട്ടയം നഗരത്തില്‍ അടുത്തകാലത്ത് പ്രാവുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് ആഹാരത്തിനും താമസത്തിനും വേണ്ടിയുള്ള മത്സരത്തില്‍ കുരുവികളെ തോല്‍പിച്ചിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ഈവര്‍ഷത്തെ കടുത്ത ചൂടുമൂലം കുടിവെള്ളം ഇല്ലായ്മയും ചൂടുമൂലം പ്രജനന നിരക്ക് കുറഞ്ഞതും ഇവയ്ക്ക് പ്രതികൂലമായിട്ടുണ്ട്. മൊബൈല്‍ ടവറുകളില്‍ നിന്നുള്ള റേഡിയേഷന്‍ മൂലം മുട്ടകള്‍ ചീമുട്ടയാകുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നതായും സര്‍വേ നടത്തിയ സംഘടനാ ഭാവാഹികള്‍ പറഞ്ഞു.