കാസർക്കോട് അംഗടിമുഗറിൽ സ്കൂൾ വിദ്യാർത്ഥികളെ പോലീസ് വാഹനത്തിൽ ചെയിസ് ചെയ്ത് അപകടത്തിൽപ്പെടുത്തിയ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് എം.എസ്.എഫ്. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിക്ക് ഇടയിലാണ് വിദ്യാർത്ഥികൾക്ക് പോലീസിന്റെ മർദ്ദനം ഏൽക്കേണ്ടി വന്നത്. അപകടത്തിൽ ഫർഹാസ് എന്ന വിദ്യാർത്ഥിയെ ഗുരുതരമായ പരിക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളിലേക്ക് വന്ന വാഹനങ്ങൾ പരിശോധിക്കുകയും വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പേപ്പറുകളും വാഹനം ഓടിക്കുന്ന വിദ്യാർത്ഥിയുടെ ലൈസൻസ് അടക്കം പോലീസിന് നൽകുകയും ചെയ്തിരുന്നു. പോലീസ് ചെക്കിംഗിന്റെ ഭാഗമായി നടന്ന പരിശോധനയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനത്തിൽ ഒരു തെറ്റും കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ അതിലുള്ള പോലീസുകാരുടെ അരിശമാണ് അപകടത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
പോലീസുകാരുടെ അതിക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ മാധ്യമങ്ങൾക്ക് കിട്ടിയ സാഹചര്യത്തിൽ വെട്ടിലായ പോലീസ്, വാഹനം ഓടിച്ചിരുന്ന വിദ്യാർത്ഥിക്ക് ലൈസൻസ് ഇല്ല എന്ന വാദമാണ് ഉന്നയിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പോലീസിന് നേരെത്തെ തന്നെ സമർപ്പിക്കപ്പെട്ടതാണ്. വിദ്യാർത്ഥികളെ അമിത വേഗത്തിൽ ചെയിസ് ചെയ്ത പോലീസ് അപകടം സംഭവിക്കുമെന്നുള്ള സാമാന്യ ബോധ്യത്തോടെ വിട്ടിരുന്നെങ്കിൽ വിദ്യാർത്ഥികളുടെ വാഹനം അപകടത്തിൽപെടില്ലായിരുന്നു.
അപകടം സൃഷ്ടിച്ച പോലീസുകാർക്ക് നേരെ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് ഫർഹാസിന്റെ രക്ഷിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കണം എന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ ആവശ്യപ്പെട്ടു.