ബാര്‍സലോണ: ആേ്രന്ദ ഇനിയസ്റ്റ ബാര്‍സലോണയുമായുള്ള കരാര്‍ ജീവിത കാലത്തേക്കു പുതുക്കി. പ്രൊഫഷണല്‍ കരിയര്‍ മുഴുവന്‍ ബാര്‍സലോണയില്‍ ചെലവിട്ട 33കാരന്റെ കരാര്‍ ഈ സീസണോടെ അവസാനിക്കാനിരിക്കുകയായിരുന്നു. പ്രൊഫഷണല്‍ രംഗത്തു നിന്ന് വിരമിക്കുന്നതു വരെ ഇനിയസ്റ്റ ബാര്‍സക്കു വേണ്ടി കളിക്കും എന്നതാണ് പുതിയ കരാര്‍.
1996ല്‍ 12ാം വയസ്സില്‍ അല്‍ബാകറ്റെയില്‍ നിന്ന് ബാര്‍സലോണ യൂത്ത് അക്കാദമിയില്‍ ചേര്‍ന്ന ഇനിയസ്റ്റ ബാര്‍സയുടെ അണ്ടര്‍ 15 ടീമിന്റെ നായകനായിരുന്നു. 2004ലാണ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ലോകകപ്പും രണ്ട് തവണ യൂറോ കപ്പും നേടിയ സ്‌പെയിന്‍ ടീമിലെ പ്രധാന താരമായ ഇനിയസ്റ്റ ബാര്‍സക്കൊപ്പം എട്ട് ലാലിഗ, അഞ്ച് കിങ്‌സ് കപ്പ്, നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. കാറ്റലന്‍ ക്ലബ്ബിനു വേണ്ടി 639 മത്സരങ്ങള്‍ കളിച്ച താരം ഷാവി ഹെര്‍ണാണ്ടസിന്റെ (767) മാത്രം പിറകിലാണ്.
ഇനിയസ്റ്റ കരാര്‍ പുതുക്കിയതോടെ ഈ സീസണോടെ കരാര്‍ അവസാനിക്കുന്ന മെസ്സിയെക്കൊണ്ട് പുതിയ കരാര്‍ ഒപ്പിടീക്കാനുള്ള തീവ്ര ശ്രമത്തിലാവും ബാര്‍സലോണ. പുതിയ കരാറിന് മെസ്സി സമ്മതിച്ചിട്ടുണ്ടെന്ന് ക്ലബ്ബ് പ്രസിഡണ്ട് ജോസപ് മരിയ ബര്‍തമ്യൂ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അക്കാര്യം ഔദ്യോഗികമായിട്ടില്ല. മെസ്സിക്ക് ബാര്‍സലോണ പ്രിയപ്പെട്ടതാണെന്നും ബാര്‍സയില്‍ എല്ലാവര്‍ക്കും അദ്ദേഹം തുടരണമെന്നാണ് ആഗ്രഹമെന്നും ഇനിയസ്റ്റ പറഞ്ഞു.