X
    Categories: CultureMoreViews

ടി.ഡി.പിയുടെ കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു

ഹൈദരാബാദ്: തെലുങ്കുദേശം പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു. അശോക് ഗജപതി രാജു, വൈ.എസ്.ഛൗധരി എന്നിവരാണ് രാജിവെച്ചത്. ഇരുവരും പ്രധാനമന്ത്രിയ കണ്ട് രാജിക്കത്ത് കൈമാറി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ സാധ്യമല്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കിയതോടെയാണ് മന്ത്രിമാര്‍ രാജിവെക്കാന്‍ തീരുമാനിച്ചത്.

കേന്ദ്രമന്ത്രിസഭയിലെ ടി.ഡി.പി മന്ത്രിമാര്‍ രാജി പ്രഖ്യാപിച്ചതോടെ ആന്ധ്രാപ്രദേശിലെ രണ്ട് ബി.ജെ.പി മന്ത്രിമാരും രാജിവെച്ചിരുന്നു. ചന്ദ്രബാബു നായിഡു മന്ത്രിസഭയിലെ ബിജെപി മന്ത്രിമാരായ ഡോ. കമിനേനി ശ്രീനിവാസ്, പൈഡികൊണ്ടല മണിക്യാല റാവു എന്നിവരാണ് രാജിവെച്ചത്. മന്ത്രിമാര്‍ രാജിവെച്ചതായി ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു സ്ഥിരീകരിച്ചു. ഇരുവരും തങ്ങളുടെ വകുപ്പുകളില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ആന്ധ്രാപ്രദേശിനോട് മോദി സര്‍ക്കാര്‍ വിവേചനപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് നായിഡു പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ആന്ധ്രാപ്രദേശിനോട് വിവേചനപരമായാണ് പെരുമാറുന്നതെന്ന് നായിഡു കുറ്റപ്പെടുത്തി.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ടിഡിപിയുടെ ആവശ്യം കേന്ദ്രം അംഗീകരിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഫെബ്രുവരിയില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് മുതല്‍ പാര്‍ലമെന്റിലും പുറത്തും ടി.ഡി.പി പ്രത്യേക സംസ്ഥാന പദവിക്കായി ശക്തമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ബുധനാഴ്ച വൈകീട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ടി.ഡി.പിയുടെ ആവശ്യം അംഗീകരിക്കില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കിയതോടെയാണ് മന്ത്രിമാരോട് രാജിവെക്കാന്‍ നായിഡു ആവശ്യപ്പെട്ടത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: