X
    Categories: indiaNews

ആന്ധ്രയിലും തെലുങ്കാനയിലും കനത്ത മഴ; 18 മരണം

ഹൈദരാബാദ്: ആന്ധപ്രദേശ്, തെലുങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ പെയ്ത കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ ഇതുവരെ 18 പേരാണ് കാലവര്‍ഷക്കെടുതിയില്‍ മരിച്ചത്. നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. ഹൈദരാബാദില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ഗതാഗതം താറുമാറായി. കര്‍ണാടകയിലേ വിവിധ ജില്ലകളിലും, മഴ ശക്തമാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലും, തെലങ്കാനയിലും. കനത്ത നാശം വിതച്ചാണ് മഴ തുടരുന്നത്. ഹൈദരാബാദില്‍ വീടിനു മുകളിലേയ്ക്ക് മതില്‍കെട്ടിടിഞ്ഞു വീണാണ് ഇന്ന് ഒമ്പതുപേര്‍ മരിച്ചത്. നഗരത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. നിരവധി വീടുകളില്‍ വെള്ളം കയറി. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒഴുകിപ്പോയി. റോഡുകള്‍ വിണ്ടു കീറി. പഴക്കമുള്ള കെട്ടിടങ്ങള്‍ ഇടിഞ്ഞു വീഴാന്‍ സാധ്യതയുള്ളതിനാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.

തെലങ്കാനയിലെ ഹിമായത് സാഗര്‍ ഡാമിന്റെ 13 ഷട്ടറുകളും തുറന്നു. കൃഷിയിടങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലാണ്. ആന്ധ്രാ തീരത്തും മഴ അതിശക്തമാണ്. ഇതുവരെ 5 മരണം റിപ്പോര്‍ട്ട് ചെയ്തു. നിരവധി വീടുകള്‍ തകര്‍ന്നു 500റോളം പേരെ മാറ്റിപാര്‍പ്പിച്ചു. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളുടെയും, ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ രക്ഷപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 24 മണിക്കൂര്‍ കൂടി മഴ തീവ്രമായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കര്‍ണാടകയില്‍ ബാഗല്‍കൊട്ട്, ബെലഗാവി, കലബുര്‍ഗി, റായ്ചൂര്‍ തുടങ്ങി വടക്കന്‍ ജില്ലകളിലും, കുടക്, ചിക്കമംഗളൂരു, ശിവമൊഗ്ഗ എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്, പലയിടങ്ങളിളും വീടുകളില്‍ വെള്ളം കയറുകയും, കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു. ബെംഗളൂരു നഗരത്തിലും മഴ ശക്തമാണ്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: