രാജ്യത്ത് കോവിഡ് വ്യാപനം അതിന്റെ ഏറ്റവും ഉച്ചസ്ഥായിയിലേക്ക് കടക്കുകയാണ്. രോഗവ്യാപനം അതിതീവ്രമായതോടെ ആശുപത്രികളോ ഓക്‌സിജനോ കിട്ടാതെ മരിച്ചു പോയതടക്കമുള്ള ഭീതിതമായ രംഗങ്ങള്‍ക്ക് ഇതിനകം തന്നെ നാം സാക്ഷിയായി കഴിഞ്ഞു.
കോവിഡിനെ തുടര്‍ന്നുള്ള മറ്റൊരു അമ്പരപ്പിക്കുന്ന ചിത്രമാണ് ഇപ്പോള്‍ ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് നിന്ന് പുറത്തുവരുന്നത്. കോവിഡ് ബാധിതനായി വീടിന് സമീപം തളര്‍ന്നു കിടക്കുന്ന അച്ഛന് വെള്ളം നല്‍കാന്‍ ശ്രമിക്കുന്നമകളെ തടയുന്ന അമ്മയുടെ ചിത്രമാണിത്.
വിജയവാഡയില്‍ ജോലി നോക്കുന്ന അച്ഛന്‍ കോവിഡ് ബാധിച്ച ശേഷമാണ് സ്വന്തം നാടായ ശ്രീകാകുളത്ത് എത്തിയത്. എന്നാല്‍ ഗ്രാമത്തിലുള്ളവര്‍ ഇയാളെ അകത്തേക്ക് കടക്കാന്‍ സമ്മതിച്ചില്ല. വീട്ടിലേക്കും കയറാന്‍ അനുവദിച്ചില്ല. 50കാരനായ ഇയാള്‍ പുറത്തുള്ളപാടത്താണ് കിടന്നത്.
നില വളരെയധികം വഷവായ അച്ഛന് വെള്ളം കൊടുക്കാന്‍ ശ്രമിക്കുകയാണ് 17കാരിയായ മകള്‍. എന്നാല്‍ മകള്‍ക്ക് രോഗം പകരുമെന്ന് ഭയപ്പെട്ട് മകളെ തടയുകയാണ് അമ്മ. ഇതിന്റെ വിഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
എന്നാല്‍ അമ്മയുടെ എതിര്‍പ്പ് അവഗണിച്ച് മകള്‍ കുപ്പിയില്‍ അച്ഛന് വെള്ളം കൊടുക്കുന്നു. സങ്കടം സഹിക്കവയ്യാതെ അലറിക്കരയുന്നുമുണ്ട് മകള്‍. അല്‍പ്പസമയത്തിനുള്ളില്‍ അച്ഛന്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.