എല്ലൂരു: ആന്ധ്രാപ്രദേശിലെ എല്ലൂരുവില്‍ അജ്ഞാതരോഗം പടരുന്നു. ഞായറാഴ്ച രോഗബാധിതനായ ഒരാള്‍ മരിച്ചു. ഇതുവരെ 292 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരില്‍ 140 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മറ്റുളളവരുടെ നില തൃപ്തികരമാണെന്ന് പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രോഗകാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗികള്‍ അപസ്മാരം, ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് ബോധരഹിതരാവുകയാണ് ചെയ്യുന്നത്. ഇതേ ലക്ഷണങ്ങളോടെ വിജയവാഡയിലെ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ പ്രവേശിപ്പിച്ച 45കാരനാണ് വൈകീട്ടോടെ മരിച്ചത്.
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരില്‍ ഭൂരിഭാഗം പേരും വളരെ വേഗം തന്നെ രോഗമുക്തരാകുന്നുണ്ട്. എന്നാല്‍ ഏഴുപേരെ വിദഗ്ധ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ഇവിടെ എത്തിയിട്ടുണ്ട്. മുന്‍കരുതലെന്നോണം വീടുകള്‍ തോറും സര്‍വേ നടത്തിയിട്ടുണ്ട്.
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സംസ്ഥാന ആരോഗ്യ കമ്മിഷണര്‍ കതമനേനി ഭാസ്‌കര്‍ എല്ലൂരുവില്‍ എത്തി. നിഗൂഢമായ അസുഖത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിശ്ചന്ദ്രന്‍ അസുഖബാധിതര്‍ക്ക് ശരിയായ പരിചരണം ലഭ്യമാക്കണമെന്ന് ആരോഗ്യ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
തിങ്കളാഴ്ച മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി എല്ലൂരു സന്ദര്‍ശിക്കും. ജലമലിനീകരണമാണോ രോഗബാധയ്ക്ക് കാരണമെന്ന് അറിയുന്നതിനായി പരിശോധനകള്‍ നടത്തുന്നതായി ഉപ മുഖ്യമന്ത്രി എകെകെ ശ്രീനിവാസ് അറിയിച്ചു.