X

സി.ബി.ഐയെ വിലക്കി ആന്ധ്ര സര്‍ക്കാര്‍

ഹൈദരാബാദ്:: മുന്‍കൂട്ടി അനുമതിയില്ലാതെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ആന്ധ്രാപ്രദേശില്‍ പ്രവേശിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. മുന്‍കൂര്‍ അനുമതി തേടാതെ സംസ്ഥാനത്ത് റെയ്ഡുകളും പരിശോധനകളും നടത്തരുതെന്നും ഉത്തരവില്‍ പറയുന്നു.
പുതിയ ഉത്തരവോടെ സംസ്ഥാനത്തിന്റെ അധികാരപരിധിക്കുള്ളില്‍ നടക്കുന്ന കേസുകളില്‍ സി.ബി.ഐക്ക് ഇടപെടാനാവില്ല. ഇനി അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു റെയ്ഡോ മറ്റു പരിശോധനകളോ നടത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാരില്‍നിന്നു മുന്‍കൂര്‍ അനുമതി വാങ്ങണം.
അഴിമതി ആരോപണം മൂലം സി.ബി.ഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതാണ് ഇത്തരമൊരു ഉത്തരവിറക്കാന്‍ കാരണമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. നവംബര്‍ എട്ടിലെ സര്‍ക്കാര്‍ ഉത്തരവ് സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ വ്യാഴാഴ്ചയാണു പുറത്തുവന്നത്. സി.ബി.ഐക്ക് പ്രകാരം ആന്ധ്രാപ്രദേശ് ആന്റി കറപ്ഷ്യന്‍ ബ്യൂറോ (എ.സി.ബി )ആണ് റെയ്ഡുകളും മറ്റ് പരിശോധനകളും നടത്തുക. നിയമപ്രകാരം സി.ബി.ഐക്ക് ഡല്‍ഹിക്കുമേല്‍ പൂര്‍ണ അധികാരപരിധിയാണ് ഉള്ളത്. പക്ഷേ മറ്റു സംസ്ഥാനങ്ങളിലേക്കു കടക്കണമെങ്കില്‍ അവിടത്തെ സര്‍ക്കാരുകളുടെ അനുമതി വാങ്ങേണ്ടതുണ്ട്. അനുമതി പിന്‍വലിച്ചതിനാല്‍ സിബിഐയ്ക്ക് ഇനി ആന്ധ്രയിലെ ഒരു കേസിലും ഇടപെടാനാകില്ലെന്നു ഭരണകക്ഷിയായ ടിഡിപി വ്യക്തമാക്കി. കഴിഞ്ഞ ആറു മാസങ്ങളായി സി.ബി.ഐയില്‍ നടക്കുന്ന കാര്യങ്ങളെ തുടര്‍ന്നാണു നടപടിയെന്ന് ടി.ഡി.പി നേതാവ് ലങ്കാ ദിനകര്‍ പ്രതികരിച്ചു. മോദി സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് സി.ബി.ഐയ്ക്ക് സ്വാതന്ത്ര്യം നഷ്ടമായിരിക്കുന്നു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേന്ദ്രം സി.ബി.ഐയെ ഉപയോഗിക്കുകയാണെന്നും ലങ്കാ ദിനകര്‍ പറഞ്ഞു.
സി.ബി.ഐ നിയന്ത്രണം കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് സൂചന. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നു കഴിഞ്ഞ മാര്‍ച്ചിലാണ് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി ബി.ജെ.പി നേ തൃത്വം നല്‍കുന്ന എന്‍.ഡി. എ മുന്നണി വിട്ടത്.

chandrika: