തിരുവനന്തപുരം: സംസ്ഥാനത്ത് അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തുടരും. വില നിയന്ത്രിക്കുന്നതിനായി കേരള-ആന്ധ്ര ഭക്ഷ്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ ഉടന്‍ പ്രശ്‌നപരിഹരത്തിനുള്ള വഴി തെളിഞ്ഞില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനായി ജയ അരി ഉള്‍പ്പെടെയുള്ളവ ഉടന്‍ എത്തിക്കാനുള്ള കേരളത്തിന്റെ നീക്കം പാളി. വില കുതിച്ചുയരുന്ന ജയ അരി, കേരളം ആവശ്യപ്പെട്ട അളവില്‍ ഉടന്‍ എത്തിക്കാന്‍ കഴിയില്ലെന്ന് ആന്ധ്ര ഭക്ഷ്യമന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി. ഇതോടെ സാധാരണക്കാരുടെ നടുവൊടിക്കുന്ന വിലക്കയറ്റം ഏറെനാള്‍ നീണ്ടുനില്‍ക്കുമെന്ന് ഉറപ്പായി.
ആന്ധ്രയില്‍ ആവശ്യത്തിന് ജയ അരി സ്റ്റോക്കില്ലാത്തതാണ് തിരിച്ചടിയായത്. ആവശ്യത്തിനുള്ള ജയ അരിയുടെ വരവ് കുറഞ്ഞതോടെ കഴിഞ്ഞ നാല് മാസത്തിനിടെ 25 രൂപയാണ് ജയ അരിക്ക് വിലകൂടിയത്. ഉടന്‍ എത്തിക്കുന്നത് പ്രായോഗികമല്ലെന്നറിയിച്ചെങ്കിലും ജയ അരി ഉള്‍പ്പെടെ ആറിനം ഭക്ഷ്യ വസ്തുക്കള്‍ ആന്ധ്ര പ്രദേശില്‍ നിന്നും വാങ്ങുന്നതിന് ധാരണയായി. ഇതിന്റെ ആദ്യഘട്ടമായി ജയ അരി, വറ്റല്‍ മുളക്, പിരിയന്‍ മുളക്, മല്ലി, കടല, വന്‍പയര്‍ എന്നീ ആറ് ഇനം സാധനങ്ങളാണ് വാങ്ങുക.