X

തൊഴില്‍മേഖലയില്‍ വിപ്ലവകരമായ തീരുമാനവുമായി ജഗന്‍മോഹന്‍ റെഡ്ഡി; നാട്ടുകാര്‍ക്ക് 75 ശതമാനം സംവരണം

ആന്ധ്രപ്രദേശിലെ ജനങ്ങളെ ഉപകാരമാകുന്ന ചരിത്ര തീരുമാനവുമായി മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. സ്വകാര്യ മേഖലയില്‍ നാട്ടുകാര്‍ക്ക് 75 ശതമാനം തൊഴില്‍ സംവരണമേര്‍പ്പെടുത്തുന്ന വിപ്ലവകരമായ തീരുമാനമാണ് റെഡ്ഡി സര്‍ക്കാര്‍ കൈക്കൊണ്ടത്. തിങ്കളാഴ്ച കൂടിയ നിയമസഭയിലാണ് സംസ്ഥാനത്തെ 75 ശതമാനം സ്വകാര്യജോലികളിലും നാട്ടുകാരെ തന്നെ നിയോഗിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന നിയമം പാസാക്കിയത്. രാജ്യത്ത് ആദ്യമായി പ്രാദേശികമായി തൊഴില്‍ സംവരണം ഏര്‍പ്പെടുത്തുന്ന സംസ്ഥാനമായി ഇതോടെ ആന്ധ്രപ്രദേശ് മാറി.

വ്യാവസായിക യൂണിറ്റുകള്‍, ഫാക്ടറികള്‍, സംയുക്ത സംരഭങ്ങള്‍, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വന്‍ പദ്ധതികള്‍ എന്നിവയിലാണ് തൊഴില്‍ സംവരണം ഏര്‍പ്പെടുത്തിയത്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍,പെട്രോളിയം,കല്‍ക്കരി, വളം, സിമന്റ് തുടങ്ങി ഒന്നാം പട്ടികയില്‍ വരുന്ന കമ്പനികളെ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തൊഴിലിനാവശ്യമായ സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത യുവാക്കള്‍ക്ക് അതിനുള്ള പരിശീലനം നല്‍കാനുള്ള പദ്ധതിയും പുതിയ നിയമത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനം നല്‍കാനാവശ്യമായ പദ്ധതി രൂപീകരിക്കുന്നതും പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നതും സര്‍ക്കാര്‍ തന്നെയായിരിക്കും.

യുവാക്കള്‍ക്ക് തൊഴില്‍സംവരണം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നല്‍കിയ ഉറപ്പ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി പാലിച്ചിരിക്കുകയാണ്.

chandrika: