X
    Categories: MoreViews

ആന്ധ്രയില്‍ നിന്നും കൊണ്ടു വന്ന രണ്ടര ടണ്‍ അഴുകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തു

 

കൊച്ചി: ആന്ധ്രയില്‍ നിന്നും കൊച്ചിയിലേക്ക് കൊണ്ടുവന്ന രണ്ടര ടണ്‍ അഴുകിയ മത്സ്യങ്ങള്‍ ആരോഗ്യ, ഭക്ഷ്യ സുരക്ഷ വിഭാഗം പിടിച്ചെടുത്തു. ചെമ്മീന്‍,കണവ എന്നീ മത്സ്യങ്ങളാണ് പിടികൂടിയത്. ഇവ ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ എത്തിച്ച് നശിപ്പിക്കുന്നതിനായി കൊച്ചി കോര്‍പറേഷന്‍ അധികൃതര്‍ക്ക് കൈമാറി. കുമ്പളം ടോള്‍ പ്ലാസക്ക് സമീപം ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ലോറിയില്‍ കൊണ്ടുവരികയായിരുന്ന ചെമ്മീനും കണവയും കേടുവന്നതാണെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് വിവരം ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ചെമ്മീനും കണവയും അഴുകിയതാണെന്ന് സ്ഥിരീകരിച്ചു. ആന്ധ്രപ്രദേശില്‍ നിന്നും അരൂരിലെ ഒരു കമ്പനിയിലേക്ക് കൊണ്ടു വന്നതാണിതെന്ന് ഭക്ഷ്യസുരക്ഷാ ഓഫിസര്‍ പി.ബി ദിലീപ് പറഞ്ഞു. വാഹനത്തില്‍ രണ്ടു ഡ്രൈവര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.ഇവര്‍ക്ക് ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. 83 ബോക്‌സുകളിലായിട്ടായിരുന്നു ചെമ്മീനും കണവയും സൂക്ഷിച്ചിരുന്നത്. ഇവ ഉപയോഗിക്കാന്‍ കഴിയാത്തവിധം അഴുകിയിരുന്നു. മത്സ്യം കൊണ്ടു വന്നത് എവിടെ നിന്നാണെന്നും ആര്‍ക്കാണെന്നും സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു.

chandrika: