മുംബൈ: അന്ധേരി ഈസ്റ്റില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കരുത്തറിയിക്കാനൊരുങ്ങി ഉദ്ധവ് താക്കറെയും ഏകനാഥ് ഷിന്‍ഡെയും. ശിവസേനയിലെ അധികാരത്തര്‍ക്കം കോടതി കയറിയതിന് പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ശിവസേനയില്‍ പൊട്ടിത്തെറിയും ഭരണമാറ്റവും ഉണ്ടായതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. സിറ്റിങ് എം.എല്‍.എ ശിവസേനയിലെ രമേഷ് ലട്‌കെ (52) ഈ വര്‍ഷം മേയില്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. നവംബര്‍ 3നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ആറിന് നടക്കും. ശിവസേനയുടെ പേരിനും ചിഹ്നത്തിനുമായി ഉദ്ധവ് പക്ഷവും ഷിന്‍ഡെ പക്ഷവും കനത്ത പോരാട്ടത്തിലാണ്. ഇതുസംബന്ധിച്ച് തീരമാനമെടുക്കാന്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചിട്ടുണ്ട്.
ബി.ജെ.പി പിന്തുണയോടെ മല്‍സരിക്കുന്ന ഷിന്‍ഡെ പക്ഷം മുംബൈ കോര്‍പ്പറേഷന്‍ മുന്‍ അംഗം മുര്‍ജി പട്ടേലിനെയാണ് രംഗത്തിറക്കിയത്. രമേഷ് ലട്‌കെയുടെ ഭാര്യ റുതുജ ലട്‌കെയെ ഉദ്ധവ് പക്ഷം സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി രണ്ടാംതവണ അന്ധേരി ഈസ്റ്റില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രമേഷ് ലട്‌കെ 1997 മുതല്‍ 2007 വരെ മുംബൈ നഗരസഭാംഗമായിരുന്നു. 2014ലെ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സുരേഷ് ഷെട്ടിയെയാണ് തോല്‍പ്പിച്ചത്. 2019ല്‍ വീണ്ടും വിജയിച്ചു. മുംബൈ സബര്‍ബന്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന 26 മണ്ഡലങ്ങളില്‍ ഒന്നാണ് അന്ധേരി ഈസ്റ്റ്. മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണിത്.അതേസമയം സസ്‌പെന്‍ഷനിലായ വിമത എം.എല്‍.എമാര്‍ക്ക് എതിരായ നടപടികള്‍ റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയാണ് ഏക്‌നാഥ് ഷിന്‍ഡെ പക്ഷം.