അശാസ്ത്രീയമായ നികുതിഘടന നടപ്പിലാക്കിയതിലൂടെ കേരളം ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലേക്ക്. കുടിവെള്ളം മുതല്‍ പെട്രോളിനുവരെ നികുതി അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ നടപടി നാളെ മുതല്‍ കേരളജനതയുടെ ജീവിതം ദുസഹമാക്കും. പെട്രോളിനും ഡീസലിനും ഇനി രണ്ടുരൂപ അധിക നികുതി നല്‍കണം. ഇതാകട്ടെ അരി, പലവ്യഞ്ജനം, പഴം, പച്ചക്കറി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരാന്‍ ഇടയാക്കും.
ന്യായവില 20 ശതമാനമായി വര്‍ധിപ്പിച്ചതിനൊപ്പം സ്റ്റാമ്പ് ഡ്യൂട്ടി എട്ട് ശതമാനമായി ഏകീകരിച്ചതോടെ ഭൂമിയുടെ രജിസ്ട്രേഷന്‍ നിരക്കും നാളെ മുതല്‍ വര്‍ധിക്കും. കെട്ടിട നികുതിക്ക് അഞ്ച് ശതമാനം വാര്‍ഷിക വര്‍ധനയും ഭൂമിയുടെ ന്യായവില അനുസരിച്ചുള്ള വര്‍ധനയും നിലവില്‍ വരും. കോര്‍ട്ട്ഫീ സ്റ്റാമ്പ്, ഫ്ളാറ്റുകളുടെ മുദ്രപ്പത്ര വില എന്നിവയും കൂടും. രജിസ്ട്രേഷന് ഇ- സ്റ്റാമ്പിംഗ് നിര്‍ബന്ധമാക്കും. ഭൂമിയുടെ ന്യായവിലകൂടി ഉള്‍പെടുത്തുന്നതോടെ നഗരപ്രദേശങ്ങളിലെ കെട്ടിട നികുതിയില്‍ വന്‍വര്‍ധനയാണുണ്ടാകുന്നത്. ന്യായവില പരിഷ്‌കരിച്ചപ്പോഴെല്ലാം കെട്ടിടനികുതിയും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കെട്ടിടത്തിന് നമ്പര്‍ ലഭിച്ച് മൂന്നുമാസത്തിനകം വില്‍പന നടത്തിയാല്‍ ഇരട്ടിയും ആറു മാസത്തിനകമായാല്‍ ഒന്നര ഇരട്ടിയും അധികം സ്റ്റാമ്പ് ഡ്യൂട്ടി നല്‍കുന്ന സംവിധാനം ഒഴിവാക്കിയ സര്‍ക്കാര്‍, എപ്പോള്‍ വില്‍പന നടത്തിയാലും ഇനിമുതല്‍ എട്ട് ശതമാനമാണ് സ്റ്റാമ്പ് ഡ്യൂട്ടിയെന്ന് നിശ്ചയിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനികുതി അഞ്ചു ശതമാനമാണ് വര്‍ധിക്കുന്നത്. കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ഫീസും വര്‍ധിക്കും. വൈദ്യുതി തീരുവയിലും മാറ്റം വരും. 11 കെ.വി വരെയുള്ള വൈദ്യുതി ഉപയോഗിക്കുന്നവര്‍ 10 ശതമാനവും അതിന് മുകളിലുള്ളവര്‍ യൂണിറ്റിന് 10 പൈസ നിരക്കിലും ഡ്യൂട്ടി നല്‍കണം. വെള്ളക്കരം കിലോലിറ്ററിന്10 രൂപയുടെ വര്‍ധന ഇതിനകം നിലവില്‍വന്നുകഴിഞ്ഞു. ഒരു ലക്ഷം രൂപ വരെയുള്ള ബൈക്കുകള്‍ക്ക് 11 ശതമാനവും രണ്ടു ലക്ഷം വരെയുള്ളവക്ക് 13ഉം 20 ലക്ഷം രൂപ വിലയുള്ള കാറിന് 21 ശതമാനവുമായി വര്‍ധിപ്പിച്ച വാഹന നികുതിയും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. റോഡ് സുരക്ഷാഫീസ് ബൈക്കിന് 50 രൂപ, കാറിന് 100, ഇടത്തരം വാഹനങ്ങള്‍ക്ക് 150, ഹെവി വാഹനങ്ങള്‍ക്ക് 250 രൂപ എന്നിങ്ങനെയാണ് നല്‍കേണ്ടത്.
ഇതിനൊപ്പം കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വലിയ ഇരുട്ടടിയാണ് മരുന്നുകള്‍ക്ക് വില വര്‍ധിപ്പിച്ചത്. ജീവന്‍രക്ഷാ മരുന്നുകള്‍, വേദനസംഹാരികള്‍, ഹൃദ്രോഗ മരുന്നുകള്‍, ആന്റിബയോട്ടിക്സ്, രോഗപകര്‍ച്ചാ പ്രതിരോധമരുന്നുകള്‍ എന്നിവക്ക് നാളെ മുതല്‍ ഇരട്ടിയോളം വില നല്‍കേണ്ടിവരും. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി ജീവന്‍രക്ഷാമരുന്നുകളുടെ പട്ടികയില്‍ ഉള്‍പെടുത്തിയാല്‍ അത്തരം മരുന്നുകളുടെ വില വര്‍ധന രണ്ട് ശതമാനമായി പരിമിതപ്പെടുത്തും. സ്വര്‍ണം, വെള്ളി, രത്നം, വസ്ത്രങ്ങള്‍, കുട എന്നിവയുടെ വിലയും കൂടും. സംസ്ഥാന ബജറ്റിലൂടെ മദ്യത്തിനും കേന്ദ്ര ബജറ്റിലൂടെ സിഗററ്റിനും വില ഉയരും. നികുതികളും ഫീസുകളും അടച്ചില്ലെങ്കില്‍ വസ്തുവകകള്‍ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് കണ്ടുകെട്ടാം. റവന്യു റിക്കവറി നടപടികളും സ്വീകരിക്കാം. നഗരസഭയുമായി ബന്ധപ്പെട്ട ടോയ്ലറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ സര്‍വീസ് ചാര്‍ജും നാളെ മുതല്‍ നിലവില്‍ വരും. എല്ലാ അര്‍ത്ഥത്തിലും സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം താറുമാറാകും. കോവിഡാനന്തരം രാജ്യത്ത് ഒട്ടുമിക്ക സംസ്ഥാനങ്ങളും ആശ്വാസ പാക്കേജുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ‘സാമൂഹ്യസുരക്ഷാ സെസ്’ എന്ന ഓമനപ്പേരിട്ട് കേരളത്തിലെ പിണറായി സര്‍ക്കാര്‍ ജനത്തെ പിഴിയാനാണ് തീരുമാനിച്ചത്. ഇന്ന് അര്‍ധ രാത്രിയോടെ വര്‍ധിപ്പിച്ച നികുതി നല്‍കാന്‍ ജനം ബാധ്യസ്ഥരാണ്. ഇതോടെ രാജ്യത്തെ ഏറ്റവും വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറും.