X
    Categories: indiaNews

വിരട്ടി ഒതുക്കാന്‍ ശ്രമം; ക്ലിയറന്‍സ് നല്‍കില്ലെന്ന് ഭീഷണി

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തില്‍ നിന്ന് യുവാക്കളെ പിന്തിരിപ്പിക്കാന്‍ കേന്ദ്രത്തിന്റെ വക ഭീഷണിയും. പ്രതിഷേധങ്ങളില്‍ പങ്കെടുത്ത് പൊലീസ് കേസുകളില്‍ അകപ്പെടുന്നവര്‍ക്ക് പിന്നീട് സൈനിക നിയമനത്തിനുള്ള പൊലീസ് ക്ലിയറന്‍സ് ലഭിക്കില്ലെന്നാണ് ഭീഷണി.

കലാപകാരികളെ സൈന്യത്തിലേക്ക് ആവശ്യമല്ലെന്ന വാദവുമായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട്. റിട്ട. സൈനിക മേധാവികളില്‍ നിന്ന് ഉള്‍പ്പെടെ വലിയ വിമര്‍ശനം ഉയരുമ്പോഴാണ് മോദി സര്‍ക്കാറിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പദ്ധതിയെ ന്യായീകരിച്ച് രംഗത്തെത്തുന്നത്. സൈനിക വൃത്തി ആഗ്രഹിക്കുന്നവരില്‍ ചെറിയൊരു ശതമാനം മാത്രമാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്ന് സൈനിക കാര്യ അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ പുരി പറഞ്ഞു. അന്തരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ ആശയമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഗ്നിപഥ് പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയാണ് ലഫ്റ്റനന്‍് ജനറല്‍ പുരി.

സമരക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് നല്‍കില്ലെന്ന വാദവുമായി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരിയും രംഗത്തെത്തി. പ്രതിരോധ മേഖലയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ ഇത്തരത്തിലുള്ള സമരത്തില്‍ ഏര്‍പ്പെട്ടാല്‍ ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇന്ത്യാ ടുഡേക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Chandrika Web: