സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരാന്‍ ഇടയായതില്‍ മുഖ്യപങ്ക് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന വിമര്‍ശനം ശക്തമാകുമ്പോള്‍ സി.പി.എമ്മിനെതിരെ തിരിഞ്ഞ് ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍. സി.പി.ഐയും ജനതാദളും അടക്കമുള്ള പാര്‍ട്ടികള്‍ പൊതുപരിപാടികള്‍ മാറ്റിവെച്ചിട്ടും സി.പി.എം സമ്മേളനങ്ങള്‍ തുടരുന്നതിനെയാണ് ഘടകകക്ഷികള്‍ എതിര്‍ക്കുന്നത്. തിരുവനന്തപുരത്തും എറണാകുളത്തും കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനു പിന്നില്‍ സി.പി.എം സമ്മേളനങ്ങളിലെ ആള്‍ക്കൂട്ടമാണെന്ന് പരാതിയുണ്ട്. പരസ്യമായ വിമര്‍ശനത്തിന് തയാറാകുന്നില്ലെങ്കിലും ഇത് ശരിവെക്കുന്ന പ്രതികരണമാണ് സി.പി.ഐ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.
കോവിഡ് കാരണം നിയമസഭാ സമ്മേളനം പോലും മാറ്റിവെക്കുകയും വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ടെന്നും സി.പി.എം സമ്മേളനങ്ങളിലും അത്തരമൊരു തീരുമാനമെടുക്കാന്‍ നേതൃത്വത്തിന് കഴിയണമായിരുന്നെന്നും മുതിര്‍ന്ന സി.പി.ഐ നേതാവ് ‘ചന്ദ്രിക’യോട് പറഞ്ഞു. ഓരോ പാര്‍ട്ടിയും നിലവിലെ സാഹചര്യം പഠിച്ചാണ് ഇത്തരം വിഷയങ്ങളില്‍ നിലപാട് സ്വീകരിക്കേണ്ടത്. കോവിഡ് മൂന്നാംതരംഗത്തിന്റെ തീവ്രത മനസിലാക്കി മാത്രം പാര്‍ട്ടി പരിപാടികള്‍ സംഘടിപ്പിച്ചാല്‍ മതിയെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. അതനുസരിച്ചാണ് തങ്ങളുടെ പാര്‍ട്ടി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനിടയിലും കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ നടത്താനാണ് സി.പി.എമ്മിന്റെ തീരുമാനം. ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ജില്ലയാണ് തിരുവനന്തപുരം. ജില്ലയില്‍ രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയാക്കിയത് സി.പി.എം ജില്ലാ സമ്മേളനമാണെന്നാണ് ആക്ഷേപം.
സമ്മേളനത്തിന്റെ ഭാഗമായി 500ലേറെ പേരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച തിരുവാതിരകളി വിവാദമായിരുന്നു. തിരുവാതിര കളി നടത്തിയത് തെറ്റാണ് ആരോഗ്യമന്ത്രി വീണാജോര്‍ജ് ഇന്നലെയാണ് പറഞ്ഞത്. നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി വി.ശിവന്‍കുട്ടിയും ഇതിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരം സമ്മേളനത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാതെ മറ്റ് ജില്ലകളും സമ്മേളനങ്ങള്‍ നടത്തുന്നതാണ് ഇപ്പോള്‍ വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.
തിരുവനന്തപുരത്ത് രൂപപ്പെട്ട 35 ക്ലസ്റ്ററുകളിലൊന്ന് സി.പി.എം ജില്ലാ സമ്മേളനമാണ്. സംസ്ഥാനത്ത് ഇന്നലെ 34,199 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടി.പി.ആര്‍ 37.17. സംസ്ഥാനത്തിപ്പോള്‍ ചികിത്സയിലുള്ളത് ഒന്നരലക്ഷത്തോളം പേരാണ്. കേരളത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതുയോഗങ്ങളും മറ്റും മാറ്റിവെച്ചപ്പോള്‍ ഭരണകക്ഷിയെ നയിക്കുന്ന സി.പി.എമ്മിന് ഇതൊന്നും ബാധകമല്ലെന്ന മട്ടാണ്.
ടി.പി.ആര്‍ 30 കടന്നാല്‍ ഒരുതരത്തിലുള്ള പൊതുപരിപാടികളും നടത്തരുതെന്ന് കാട്ടി ഇക്കഴിഞ്ഞ ശനിയാഴ്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവുണ്ടായിരുന്നു. പൊതുപരിപാടികളില്‍ നിന്ന് പിന്മാറണമെന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശവുമുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് സി.പി.എം സമ്മേളനങ്ങള്‍ പുരോഗമിക്കുന്നത്. നാളെ തുടങ്ങി 23ന് അവസാനിക്കുന്ന കാസര്‍കോട് സമ്മേളനം ജില്ലയിലെ മടികൈയിലാണ് നടക്കുക. മടികൈ പഞ്ചായത്തില്‍ നിലവിലെ ടി.പി.ആര്‍ 30ന് മുകളിലാണ്. ഏറ്റവും കുറഞ്ഞത് 300 പേരെങ്കിലും ഒത്തുചേരുന്നതാണ് സി.പി.എമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍.